'പൊലീസിനെ സമീപിക്കണമെന്ന് ആ ഫോട്ടോകള്‍ കണ്ടപ്പോള്‍ ബോധ്യമായി': ബി.ജെ.പി നേതാവിന്‍റെ ക്രൂരത തുറന്നുകാട്ടിയ യുവാവ് പറയുന്നു
|'ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയിൽ ആ സ്ത്രീയെ രക്ഷിക്കേണ്ടത് എന്‍റെ കടമയായിരുന്നു'
വീട്ടുജോലിക്കാരിയോട് അതിക്രൂരമായി പെരുമാറിയ സംഭവത്തില്‍ ബി.ജെ.പി വനിതാ വിഭാഗം നേതാവ് സീമ പത്രയെ തുറന്നുകാട്ടിയത് സ്വന്തം മകനാണ്. സീമയുടെ മകന്‍ ആയുഷ്മാൻ പത്ര സുഹൃത്തും സർക്കാർ ഉദ്യോഗസ്ഥനുമായ വിവേക് ആനന്ദ് ബസ്കിയോടാണ് സുനിതയെ എങ്ങനെയെങ്കിലും രക്ഷിക്കാന്‍ അഭ്യര്‍ഥിച്ചത്.
ആഗസ്ത് 2നാണ് ആയുഷ്മാന്‍ പരിഭ്രാന്തനായി തന്നെ വിളിച്ചതെന്ന് വിവേക് ആനന്ദ് പറഞ്ഞു- "ആഗസ്ത് 2ന് പുലർച്ചെ 1:15ഓടെയാണ് അവൻ എന്നെ വിളിച്ചത്. ബസ്കീ, അമ്മ ആ പെണ്‍കുട്ടിയെ ഭയങ്കരമായി ഉപദ്രവിക്കുകയാണ് ദയവായി അവളെ രക്ഷിക്കൂ എന്നാണ് പറഞ്ഞത്. ആയുഷ്മാന്‍റെ അമ്മ സീമ പത്രയും അപ്പോള്‍ത്തന്നെ വിളിച്ചു. മകന് മാനസികപ്രശ്നങ്ങളുണ്ടെന്നും അക്രമാസക്തനായി പെരുമാറുന്നുവെന്നും അവര്‍ പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്നും ആവശ്യപ്പെട്ടു".
ഉടനെ താന്‍ സീമ പത്രയുടെ വീട്ടിലെത്തിയെങ്കിലും അകത്തുകടക്കാന്‍ അനുവദിച്ചില്ലെന്ന് വിവേക് ആനന്ദ് പറഞ്ഞു. ആയുഷ്മാന് മാനസികരോഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആശുപത്രിയിലാക്കിയെന്നും ആരോപണമുണ്ട്.
ആയുഷ്മാൻ വീട്ടുജോലിക്കാരി സുനിതയുടെ അവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോകള്‍ അയച്ചുതന്നു. ശക്തയായ രാഷ്ട്രീയ നേതാവിനെതിരെ പൊലീസിനെ സമീപിക്കണമെന്ന് ആ ഫോട്ടോകള്‍ കണ്ടപ്പോള്‍ തനിക്ക് ബോധ്യമായെന്ന് വിവേക് ആനന്ദ് പറഞ്ഞു. ആയുഷ്മാൻ നിസ്സഹായനായിരുന്നു, അവന്‍ സുനിതയെ രക്ഷിക്കണമെന്ന് ആഗ്രഹിച്ചു. ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയിൽ, ആ സ്ത്രീയെ രക്ഷിക്കേണ്ടത് തന്‍റെ ധാർമിക കടമയായിരുന്നുവെന്ന് വിവേക് പറഞ്ഞു. ആയുഷ്മാനും വിവേകും റാഞ്ചിയിലെ എഞ്ചിനീയറിങ് കോളജില്‍ ഒരുമിച്ചു പഠിച്ചവരാണ്.
വിവേക് പരാതി നല്‍കിയതിനു പിന്നാലെ സുനിതയെ പൊലീസെത്തി രക്ഷിച്ചു. നിലവില്‍ 29കാരി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്. സുനിതയുടെ പല്ലുകള്‍ അടിച്ചുകൊഴിച്ച നിലയിലായിരുന്നു. എഴുന്നേറ്റ് നില്‍ക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. താന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ആയുഷ്നാമാനാണെന്ന് സുനിത കണ്ണീരോടെ പറഞ്ഞു.
തന്നെക്കൊണ്ട് തറയിലെ മൂത്രം നക്കിപ്പിച്ചതും ചൂടുള്ള പാത്രം ഉപയോഗിച്ച് പൊള്ളിച്ചതുമെല്ലാം സുനിത പറയുന്ന വീഡിയോ പുറത്തെത്തിയിരുന്നു. പിന്നാലെ സീമ പത്രയെ ബി.ജെ.പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നുമാണ് സീമ പത്രയുടെ വാദം.