ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് കൂടുതൽ വിലക്ക്
|കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഇരുസഭകളിലുമായി 142 എം.പിമാരെയാണ് സസ്‌പെൻഡ് ചെയ്തത്.
ന്യൂഡൽഹി: ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് കൂടുതൽ വിലക്ക്. പാർലമെന്റ് ചേംബർ, ലോബി, ഗാലറി എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കുലർ ഇറക്കി.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുസഭകളിലുമായി 142 എം.പിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. പാർലമെന്റിലെ പുകയാക്രമണത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.പിമാർ പ്രതിഷേധിച്ചത്. ഇന്ന് അമിത് ഷാ പാർലമെന്റിൽ എത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വലിയ പ്രതിഷേധം തടയാനാണ് കൂടുതൽ വിലക്ക് ഏർപ്പെടുത്തിയത്.
പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പുകയാക്രമണത്തിൽ പ്രസ്താവന നടത്തില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. വിഷയത്തിൽ ലോക്‌സഭാ സ്പീക്കർ വിശദീകരണം നൽകിയിട്ടുണ്ട്. കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ. വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണെന്നും കേന്ദ്രസർക്കാർ ആരോപിക്കുന്നു. എന്നാൽ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷം.