India
പോളണ്ട് അതിർത്തിയിലേക്ക് കൂടുതൽ ആളുകളെത്തുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നു: വിദേശകാര്യ സെക്രട്ടറി
India

'പോളണ്ട് അതിർത്തിയിലേക്ക് കൂടുതൽ ആളുകളെത്തുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നു': വിദേശകാര്യ സെക്രട്ടറി

Web Desk
|
27 Feb 2022 1:39 PM GMT

കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക തനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും രക്ഷാദൗത്യം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി

പോളണ്ട് അതിർത്തിയിലേക്ക് പാലായനത്തിനായി കൂടുതൽ ആളുകളെത്തുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മോൾഡോവ വഴി കൂടുതൽ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് മോൾഡോവൻ വിദേശകാര്യ മന്ത്രി നിക്കു പോപ്പസ്‌കുമായി ഇന്ത്യൻ വിദേശകാര്യ മന്തി എസ്. ജയശങ്കർ സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

15000 പേരെ നാട്ടിലെത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ വിമാനങ്ങൾ അയക്കുന്നതും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. ഇതുവരെ രണ്ടായിരത്തോളം പേരെ അതിർത്തി കടത്താനായിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. കിയവിൽ ഉള്ളവരോട് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും നിർദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ ഹംഗറിയിലേക്ക് നേരിട്ട് ട്രെയിൽ സർവീസും നടക്കുന്നു എന്നത് ആശ്വാസകരമാണ്. കീവിലുള്ളവർക്ക് ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്താമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ നിർദേശിച്ചിരുന്നു.

പട്ടാള നിയമം നിലനിൽക്കുന്നതിനാൽ സ്വതന്ത്ര സഞ്ചാരത്തിന് വലിയ തടസ്സമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. യുക്രൈനിലെ സ്ഥിതി ഗതികളും ഇന്ത്യക്കാരുടെ അവസ്ഥയും സൂക്ഷ്മമായി തന്നെ കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. കീവ്, കാർക്കിവ്, സുമ, ഒഡേസ എന്നിവ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളാണ്. ആയതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ എംബസിയുടെ നിർദേശം വരുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിൽ നിന്ന് നാല് വിമാനങ്ങൾ ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും ഇന്ന് രാത്രി രണ്ട് വിമാനങ്ങൾ പുറപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക തനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും രക്ഷാദൗത്യം പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ പറഞ്ഞു. സഹായത്തിനായി മോസ്‌കോയിലുള്ള എംബസി അധികൃതർ അതിർത്തിയിലുണ്ടെന്നും കാർക്കീവിലും സുമയിലുമുള്ളവർ സുരക്ഷിതരായി തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts