India
കോൺഗ്രസ് പ്രകടനപത്രിക ചേരുക പാകിസ്താൻ തെരഞ്ഞെടുപ്പിന്;  വിമർശനവുമായി അസം മുഖ്യമന്ത്രി
India

'കോൺഗ്രസ് പ്രകടനപത്രിക ചേരുക പാകിസ്താൻ തെരഞ്ഞെടുപ്പിന്'; വിമർശനവുമായി അസം മുഖ്യമന്ത്രി

Web Desk
|
7 April 2024 4:31 AM GMT

അസം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസും രംഗത്തെത്തി

ഗുവഹത്തി: പ്രകടനപത്രിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രകടനപത്രിക ഇന്ത്യയ്ക്ക് അനുയോജ്യമല്ല, പാകിസ്താൻ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതാവും നല്ലത്, സമൂഹത്തെ ഭിന്നിപ്പിച്ച് ഭരണം പിടിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്ന് ബിശ്വ ശർമ പറഞ്ഞു.

വെള്ളിയാഴ്ചയാണ് ജാതി സെൻസസ് നടപ്പാക്കും,ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും കേന്ദ്ര സർക്കാർ ജോലികളിൽ 50% വനിതകൾക്ക് നീക്കി വയ്ക്കും എന്നതുൾപ്പടെ നിരവധി വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. 25 ഗ്യാരന്റികളാണ് പ്രകടന പത്രികയിലുള്ളത്.

ഇന്ത്യയെ ലോകത്തിന്റെ വിശ്വഗുരു ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പറഞ്ഞ ബിശ്വ ശർമ, അസമിലെ 14 സീറ്റുകളിലും ബി.ജെ.പി വിജയിക്കുമെന്നും കൂട്ടിച്ചേർത്തു.

തരംപോലെ പാർട്ടി മാറുന്ന അസം മുഖ്യമന്ത്രിക്ക് പഴയ പാർട്ടിയുടെ മതേതരത്വവും എല്ലാവരെയും ഉൾക്കൊള്ളാനുള്ള കഴിവും മനസിലാക്കാനാകില്ലെന്ന് കോൺഗ്രസും തിരിച്ചടിച്ചു. 2015ലാണ് ശർമ ബി.ജെ.പിയിൽ ചേർന്നത്.

ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് ശർമ കോൺഗ്രസിനെതിരെ ഇത്തരം അപകീർത്തിപ്പെടുത്തലുകൾ നടത്തുന്നത് എന്നാണ് സംഭവത്തിൽ അസം കോൺഗ്രസ് വക്താവ് ബേദബ്രത ബോറ പറഞ്ഞത്.

മുസ്ലിം ലീഗിന്റെയും ഇടതുപക്ഷത്തിന്റെയും സ്വാധീനമാണ് കോൺഗ്രസ് പ്രകടന പത്രികയിലുള്ളത് എന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ മാനിഫെസ്റ്റോയിൽ പ്രതിഫലിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നത് തടയും,ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകും നേതാക്കൾ ബിജെപിയിൽ ചേർന്നതിന് പിന്നാലെ അവസാനിപ്പിച്ച അഴിമതി കേസുകളിൽ പുനരന്വേഷണം,പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും,സർക്കാർ - പൊതുമേഖല ജോലികളിലെ കരാർ നിയമനങ്ങൾ എടുത്തു കളയും,പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ മഹാലക്ഷ്മി സ്‌കീമിലെത്തിക്കും,അഗ്‌നിപത് പദ്ധതി ഒഴിവാക്കും. തെരുവുനായ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ നടപടികൾ സ്വീകരിക്കും തുടങ്ങും നിരവധി വാഗ്ദാനങ്ങളാണ് പുറത്തിക്കിയ കോൺഗ്രസ് പ്രകടന പത്രികയിലുള്ളത്.

Similar Posts