India
More than 300 youths who were taken by the police in Nuh are missing
India

നൂഹിൽ പൊലീസ് കൊണ്ടുപോയ 300ൽ കൂടുതൽ യുവാക്കളെ കാണാനില്ല; അറസ്റ്റ് ചെയ്തത് നിരപരാധികളെയെന്ന് കുടുംബം

Web Desk
|
12 Aug 2023 2:45 AM GMT

നൂഹിലെ പല വീടുകളിലും പുരുഷൻമാരില്ലാത്ത അവസ്ഥയാണ്. അറസ്റ്റ് ചെയ്തവരെക്കുറിച്ച് അന്വേഷിച്ചാൽ നിങ്ങൾ കോടതിയിൽ നിരപരാധിത്വം തെളിയിച്ച് വരൂ എന്നാണ് പൊലീസ് പറയുന്നത്.

ഗുരുഗ്രാം: ഹരിയാനയിലെ നൂഹിൽ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ 300ൽ കൂടുതൽ യുവാക്കളെ കാണാനില്ലെന്ന് കുടുംബം. മുറാദാബാസിലെ പല കുടുംബങ്ങളിലും ഇപ്പോൾ പുരുഷൻമാരില്ലാത്ത അവസ്ഥയാണ്. നിരവധിപേരെ പൊലീസ് കൊണ്ടുപോയി. ബാക്കിയുള്ളവർ ഹിന്ദുത്വവാദികളെ ഭയന്ന് ഗ്രാമത്തിൽനിന്ന് ഓടിപ്പോവുകയായിരുന്നു. ഇവരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്നാണ് കുടുംബം പറയുന്നത്.

പുലർച്ചെ നാലിന് വീട്ടിലെത്തിയ പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ചാണ് മുസ്‌ലിം യുവാക്കളെ കൊണ്ടുപോയത്. പഞ്ചായത്ത് പ്രസിഡന്റായ വക്കീൽ മുഹമ്മദ് എന്ന വ്യക്തി പോലും ഗ്രാമം ഉപേക്ഷിച്ചുപോയിരിക്കുകയാണ്. മുസ്‌ലിംകളുടെ കെട്ടിടങ്ങൾ മാത്രമാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തതെന്ന് നാട്ടുകാർ പറയുന്നു. സഹാറ ഹോട്ടൽ എന്ന കെട്ടിടം തകർത്തപ്പോൾ അതിന്റെ രണ്ട് ഭാഗത്തും മറ്റു മതവിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ഒന്നും ചെയ്തിട്ടില്ല.

നികുതി അടച്ചുകൊണ്ടിരുന്ന കെട്ടിടങ്ങളാണ് തകർത്തതെന്നും നാട്ടുകാർ പറയുന്നു. അര മണിക്കൂറിനുള്ളിൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിന് പിന്നാലെ ബുൾഡോസറുകൾ വന്ന് കെട്ടിടങ്ങൾ തകർക്കുകയായിരുന്നു. നിരവധി കടകളും ഫാക്ടറികളും തകർക്കപ്പെട്ടു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ട പൊലീസും അധികാരികളും തന്നെയാണ് അതിക്രമത്തിന് നേതൃത്വം നൽകുന്നത്. പിന്നെ തങ്ങൾ ആരോട് പരാതി പറയുമെന്നാണ് ഇവിടെയുള്ള സ്ത്രീകൾ ചോദിക്കുന്നത്.

Similar Posts