ഒരു കോടിയിലധികം ചെലവാക്കി ഗണേശ വിഗ്രഹ നിർമാണം; രാജ്യത്തെ ഏറ്റവും വലിയ വിഗ്രഹമെന്ന് സംഘാടകർ
|പ്രകൃതി സംരക്ഷണം പരിഗണിച്ച് ഇത്തവണ കളിമൺ പ്രതിമയാകും നിർമിക്കുകയെന്നും സംഘാടകർ അറിയിച്ചു.
തെലങ്കാന: ഖൈർതാബാദിൽ ഇത്തവണ ഗണേശ വിഗ്രഹം നിർമിക്കാൻ ഒരു കോടിയിലധികം രൂപ ചെലവാക്കുമെന്ന് സംഘാടകർ. ഈ വർഷത്തെ ഏറ്റവും ഉയരം കൂടിയ വിഗ്രഹമാണ് ഹൈദരാബാദിലെ ഖൈർത്താബാദിൽ ഒരുക്കുക. പ്രകൃതി സംരക്ഷണം പരിഗണിച്ച് ഇത്തവണ കളിമൺ പ്രതിമയാകും നിർമിക്കുകയെന്നും സംഘാടകർ അറിയിച്ചു. പരിസ്ഥിതി സൗഹൃദ വിഗ്രഹ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്നും സംഘാടകർ വ്യക്തമാക്കി.
ഖൈർതാബാദിൽ ഗണേശ വിഗ്രഹം സ്ഥാപിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കളിമൺ വിഗ്രഹ നിർമാണത്തിനായി ചെന്നൈയിൽ നിന്ന് കലാകാരന്മാർ എത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 50 മുതൽ 100 വരെ ആളുകൾ ചേർന്നാണ് വിഗ്രഹം നിർമിക്കുന്നതെന്ന് സംഘാടകരിൽ ഒരാളായ നരേഷ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഗണേശ വിഗ്രഹം കാണാൻ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ ഇവിടേക്ക് എത്തിച്ചേരുമെന്നും നരേഷ് കൂട്ടിച്ചേർത്തു.
1954ൽ ഷക്കറിയ ജി എന്നയാളാണ് ഇവിടെ ആദ്യമായി ഗണേശ വിഗ്രഹം സ്ഥാപിച്ചത്. തുടർന്ന് എല്ലാ വർഷവും ഓരോ അടി വീതം ഉയർത്തുകയായിരുന്നു പതിവ്. വിഗ്രഹത്തിന്റെ വലിപ്പം കുറക്കാൻ സംഘാടകർ ആലോചിച്ചിരുന്നെങ്കിലും ഭക്തർ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇപ്പോൾ നിർമിക്കുന്ന വിഗ്രഹം പൂർത്തിയാകാൻ 80 ദിവസമെടുക്കും, ജൂൺ 1 മുതലാണ് നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. ഭക്തർക്കുള്ള ദർശനം ആഗസ്ത് 31ന് ആരംഭിക്കുമെന്നും സംഘാടകർ പറഞ്ഞു.