India
ത്രിപുരയിൽ വിഎച്ച്പി റാലിക്കിടെ പള്ളിക്കു നേരെ ആക്രമണം, കടകൾക്ക് തീയിട്ടു
India

ത്രിപുരയിൽ വിഎച്ച്പി റാലിക്കിടെ പള്ളിക്കു നേരെ ആക്രമണം, കടകൾക്ക് തീയിട്ടു

Web Desk
|
27 Oct 2021 11:06 AM GMT

ചില വീടുകളും കടകളും കൊള്ളയടിക്കപ്പെട്ടെന്ന് എസ്പി

ത്രിപുരയിൽ വിശ്വ ഹിന്ദു പരിഷത്ത് റാലിക്കിടെ പള്ളിക്കു നേരെ ആക്രമണം. രണ്ട് കടകൾക്ക് തീയിട്ടു. ത്രിപുരയിലെ ചാംതില്ലയിലാണ് അക്രമം. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് വിഎച്ച്പി പ്രതിഷേധം സംഘടിപ്പിച്ചത്.

റാല്ലിക്കിടെ ചിലര്‍ പള്ളിക്കു നേരെ കല്ലെറിയുകയും വാതില്‍ തകര്‍ക്കുകയുമായിരുന്നു. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ റോവ ബസാറിലെ ചില വീടുകളും കടകളും കൊള്ളയടിക്കപ്പെട്ടെന്ന് എസ്പി ഭാനുപദ ചക്രബര്‍ത്തി പറഞ്ഞു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും അദ്ദേഹം അറിയിച്ചു.

ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അക്രമമുണ്ടായിട്ടുണ്ടെങ്കില്‍ പൊലീസ് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബിജെപി വക്താവ് നബേന്ദു ഭട്ടാചാര്യ പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്കെതിരെ ചിലര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതാണ് സംഘര്‍ഷത്തിന് കാരണമെന്ന് പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ബജ്‍രംഗദള്‍ നേതാവ് നാരായണ്‍ ദാസ് ആരോപിച്ചു. കഴിഞ്ഞ ആഴ്ച ത്രിപുരയിൽ പൊലീസും വിഎച്ച്പി അംഗങ്ങളും തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു.

ഗോമതി ജില്ലയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സംസ്ഥാന തലസ്ഥാനമായ അഗര്‍ത്തയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ വിഎച്ച്പി പ്രവര്‍ത്തകരെ അനുവദിച്ചില്ലെന്ന് പറഞ്ഞായിരുന്നു സംഘര്‍ഷം. പ്രതിഷേധക്കാരുടെ കല്ലേറിലാണ് മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.

Related Tags :
Similar Posts