'ഇന്ത്യക്കാർക്ക് അഭിമാനിക്കാം, മിക്ക പ്രധാനമന്ത്രിമാരും എളിയ കുടുംബാംഗങ്ങൾ'; പി.എം മ്യൂസിയത്തിലേക്ക് ആദ്യ ടിക്കറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
|രാജ്യത്തെ നയിച്ച 14 പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ തുറന്നുകാട്ടുന്ന 'പിഎം മ്യൂസിയം' 271 കോടി മുടക്കിയാണ് നിർമിച്ചത്
ന്യൂഡൽഹി: രാജ്യത്തെ മിക്ക പ്രധാനമന്ത്രിമാരും എളിയ കുടുംബാംഗങ്ങളാണെന്നും അക്കാര്യത്തിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ജവഹർലാൽ നെഹ്‌റു മ്യൂസിയം കെട്ടിടത്തിൽ ആരംഭിച്ച പ്രധാൻ മന്ത്രി സംഗ്രഹാലയ (മ്യൂസിയം ഓഫ് പ്രൈം മിനിസ്‌റ്റേഴ്‌സ്) ത്തിലേക്ക് ആദ്യ ടിക്കറ്റെടുത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില കാര്യങ്ങൾ മാറ്റി നിർത്തിയാൽ ജനാധിപത്യ രീതിയിൽ തന്നെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന മഹത്തായ പാരമ്പര്യം നമുക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പി.എം മ്യൂസിയം അറിവിന്റെ കവാടങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നയിച്ച 14 പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ തുറന്നുകാട്ടുന്നതാണ് 'പിഎം മ്യൂസിയം'. 271 കോടി മുടക്കിയാണ് പി.എം മ്യൂസിയം നിർമിച്ചത്.
ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരെയും ആദരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണത്തിൽ നിന്നാണ് മ്യൂസിയം നിർമിക്കപ്പെട്ടതെന്നും രാജ്യ നിർമാണത്തിന് നേതൃത്വം നൽകിയ അവർക്കുള്ള ആദരവാണിതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
Most prime ministers are members of humble families: Modi