India
12 സംസ്ഥാനങ്ങളില്‍ വലവിരിച്ചു; ഒടുവില്‍ കാലാ ജഠേഡിയും റിവോള്‍വര്‍ റാണിയും പിടിയില്‍
India

12 സംസ്ഥാനങ്ങളില്‍ വലവിരിച്ചു; ഒടുവില്‍ കാലാ ജഠേഡിയും റിവോള്‍വര്‍ റാണിയും പിടിയില്‍

Web Desk
|
1 Aug 2021 1:02 PM GMT

ഹരിയാനയില്‍ നിന്നും തടവു ചാടിയ കാലാ ജഠേഡി, കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഒളിവിലായിരുന്നു.

ഉത്തരേന്ത്യയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളികളായ റിവോള്‍വര്‍ റാണിയെന്ന അനുരാധയെയും, കാലാ ജഠേഡിയെന്ന പേരില്‍ അറിയപ്പെട്ട സന്ദീപിനെയും പിടികൂടിയത് പൊലീസ് ഒരുക്കിയ വിപുലമായ തന്ത്രം. പന്ത്രണ്ടു സംസ്ഥാനങ്ങളിലായി നടത്തിയ മെഗാ ഓപ്പറേഷനിലൂടെയാണ് ഇരുവരെയും പിടികൂടുന്നത്.

അന്താരാഷ്ട്ര ബന്ധമുള്ള കുറ്റകൃത്യങ്ങളില്‍ പ്രതിയായിരുന്നു കാലാ ജഠേഡി. കള്ളക്കടത്ത്, വാടകക്കൊല, കളവ്, സ്ഥലം തട്ടിയെടുക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉത്തരേന്ത്യയില്‍ പിടികിട്ടാപ്പുള്ളിയായി വിലസിയ കാലാ ജഠേഡിക്ക്, ഡല്‍ഹി, ഹരിയാന പൊലീസ് ആറു ലക്ഷം രൂപ വരെയാണ് തലക്ക് വിലയിട്ടത്. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.

ഹരിയാനയില്‍ നിന്നും തടവു ചാടിയ കാലാ ജഠേഡി, കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കൊപ്പം തന്നെയാണ് റിവോള്‍വര്‍ റാണിയെന്ന കുപ്രസിദ്ധി നേടിയ അനുരാധ ചൗധരിയും പിടിയിലാകുന്നത്. രാജസ്ഥാനില്‍ നിന്നുള്ള റിവോള്‍വര്‍ റാണിയുടെ പേരില്‍ തട്ടികൊണ്ടുപോകല്‍, ആയുധം കൈവശം വെക്കല്‍ എന്നീ കേസുകളാണുള്ളത്. ഇവരെ പിടികൂടുന്നതിനായി പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

എ.കെ 47 തോക്ക് ഉപയോഗിച്ച് ആളുകളെ വിരട്ടുന്നതിനാലായിരുന്നു ഇവര്‍ക്ക് 'റിവോള്‍വര്‍ റാണി'യെന്ന പേരുവീഴുന്നത്. 2017ല്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാതലവന്‍ ആനന്ദ് പാലിന്റെ കൂട്ടാളിയായിരുന്നു അനുരാധ ചൗധരി.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വ്യാജ പേരില്‍ കഴിഞ്ഞ ഇവര്‍, ദമ്പദികളെന്ന വ്യാജേനയും താമസിച്ചു വരികയായിരുന്നു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന എന്നീ നാലു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇരുവരുടെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍. ജയിലിലുള്ള അധോലോക കുറ്റവാളികളായ ലോറന്‍സ് ബിഷ്‌ണോയി, സുബേ ഗുജ്ജാര്‍, കാലാ റാണ എന്നിവരുമായി ചേര്‍ന്നും ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

Similar Posts