'കരഞ്ഞുകൊണ്ടാണ് അവന്‍ ഇന്നലെ വീട്ടിൽ വന്നത്; മാനസികമായി തകർന്നിരിക്കുകയാണ്'
|''പാഠഭാഗം കാണാതെ പഠിച്ചിട്ടില്ലെന്നു പറഞ്ഞാണു നടപടിയെ അവർ ന്യായീകരിക്കുന്നത്. എന്നാൽ, എന്റെ മകൻ പഠനത്തിൽ മിടുക്കനാണ്. ട്യൂഷനും പോകുന്നുണ്ട്.''
ലഖ്‌നൗ: യു.പിയിലെ സ്‌കൂളിൽ അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ മുസ്‌ലിം വിദ്യാർത്ഥിയെ തല്ലിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ കുടുംബം. മകൻ കരഞ്ഞുകൊണ്ടാണ് ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിലെത്തിയതെന്ന് കുട്ടിയുടെ മാതാവ് റുബീന പറഞ്ഞു. സംഭവം വിവാദമായ ശേഷവും പ്രതിയായ അധ്യാപിക നടപടിയെ ന്യായീകരിക്കുകയാണെന്ന് പിതാവ് മുഹമ്മദ് ഇർഷാദും വെളിപ്പെടുത്തി.
'അൽജസീറ' ചാനലിനോടാണ് കുടുംബം പ്രതികരിച്ചത്. ''ഇന്നലെ എന്റെ മകൻ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയത്. മാനസികമായി തകർന്നിരുന്നു. ഇങ്ങനെയല്ല കുട്ടികളോട് പെരുമാറേണ്ടത്'-കരഞ്ഞുകൊണ്ട് റുബീന പറഞ്ഞു.
സഹപാഠികളെക്കൊണ്ട് അടിപ്പിക്കുന്ന ശീലം ഇതേ അധ്യാപികയ്ക്കു നേരത്തെയുമുണ്ടെന്ന് അവർ വെളിപ്പെടുത്തി. പാഠഭാഗങ്ങൾ കാണാതെ പഠിച്ചില്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുവായ മറ്റൊരു കുട്ടിക്കെതിരെയും ഇത്തരത്തിൽ നടപടി സ്വീകരിച്ചതായി
അധ്യാപികയായ തൃപ്ത ത്യാഗി വിദ്യാർത്ഥികളോട് ഓരോന്നായി അവനെ അടിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പിതാവ് ഇർഷാദ് പറഞ്ഞു. ''അവൻ പാഠഭാഗം കാണാതെ പഠിച്ചിട്ടില്ലെന്നു പറഞ്ഞാണു നടപടിയെ അവർ ന്യായീകരിക്കുന്നത്. എന്നാൽ, എന്റെ മകൻ പഠനത്തിൽ മിടുക്കനാണ്. ട്യൂഷനും പോകുന്നുണ്ട്. എങ്ങനെയൊണ് ഒരു ടീച്ചർക്ക് ഇങ്ങനെ പെരുമാറാൻ പെരുമാറാൻ കഴിയുന്നതെന്നു മനസിലാകുന്നില്ല. അവരുടെ ഉള്ളിൽ നിറയെ വിദ്വേഷമാണെന്നാണു തോന്നുന്നത്. രാജ്യത്തു മുഴുവൻ പ്രചരിക്കുന്ന മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിന്റെ ഫലമാണിത്''-അദ്ദേഹം പറഞ്ഞു.
നീതി ലഭിക്കുമെന്നു പ്രതീക്ഷയില്ലാത്തതിനാൽ സംഭവത്തിൽ പരാതി നൽകുന്നില്ലെന്ന് ഇർഷാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. അധ്യാപിക സംഭവത്തിൽ മാപ്പുപറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു അന്തരീക്ഷത്തിൽ തന്റെ കുട്ടിയെ പഠിപ്പിക്കാനാകില്ല. അതുകൊണ്ട് നേരത്തെ അടച്ച ഫീ തിരിച്ചുവാങ്ങി അവനെ അവിടെനിന്നു മാറ്റി മറ്റൊരു സ്ഥാപനത്തിൽ ചേർക്കുമെന്നും പിതാവ് അറിയിച്ചു.
മുസഫർനഗറിൽനിന്ന് 30 കി.മീറ്റർ ദൂരത്തുള്ള കുബ്ബാപൂരിലെ നേഹ പബ്ലിക് സ്‌കൂളിലാണു രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. അധ്യാപികയായ തൃപ്ത ത്യാഗിയാണ് ക്ലാസിലെ മുസ്‌ലിം വിദ്യാർത്ഥിയെ എഴുന്നേൽപ്പിച്ചുനിർത്തിയ ശേഷം മറ്റുള്ള വിദ്യാർത്ഥികളോട് മർദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സഹപാഠിയുടെ മുഖത്ത് അടിക്കാൻ നിർദേശിച്ചു. മുസ്‌ലിം വിദ്യാർത്ഥികളെ താൻ ഇത്തരത്തിൽ കൈകാര്യം ചെയ്യാറുണ്ടെന്നും അവരെ ഇങ്ങനെയാണു ചെയ്യേണ്ടതെന്നും അധ്യാപിക വിദ്യാർത്ഥികളോട് നിർദേശിക്കുകയും ചെയ്തു.
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വൻവിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നതിനു പിന്നാലെ പിതാവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് പൊലീസ് നിർദേശിച്ചു.
Summary: ''Yesterday, my son came home crying. He was traumatised. This is not how you treat kids.'': Says Rubina, mother of the victim in the teacher telling kids to slap Muslim student incident