India
എസ്.ഡി.പി.ഐയേയും നിരോധിക്കാൻ നീക്കം?;   തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായി റിപ്പോർട്ടുകൾ
India

എസ്.ഡി.പി.ഐയേയും നിരോധിക്കാൻ നീക്കം?; തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായി റിപ്പോർട്ടുകൾ

Web Desk
|
28 Sep 2022 4:39 AM GMT

രാഷ്ട്രീയ പാർട്ടി ആയതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് നിർണായകം

ഡല്‍ഹി: എസ്.ഡി.പി.ഐ നിരോധനത്തിനും കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായാണ് സൂചന. രാഷ്ട്രീയ പാർട്ടി ആയതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് നിർണായകമാണ്.

അതേസമയം പോപുലർ ഫ്രണ്ടിന്റെ നിരോധാനം അടിയന്തരാവസ്ഥയുടെ ഭാഗമാണെന്നാണ് എസ്.ഡി.പി.ഐയുടെ പ്രതികരണം. ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മേലുള്ള തിരിച്ചടിയാണിത്. സംഘടനാ സ്വാതന്ത്ര്യം ഭരണകൂടം അടിച്ചമർത്തുന്നു എന്നും ഭരണഘടന നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്നു എന്നും എസ്.ഡി.പി.ഐ പ്രതികരിച്ചു.

അഞ്ചു വർഷത്തെക്കാണ് പോപുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പി.എഫ്.ഐക്കും അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. യുഎപിഎ വകുപ്പ് 3 പ്രകാരമാണ് നിരോധനം. സംഘടനയിൽ പ്രവർത്തിക്കുന്നത് 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

കാമ്പസ് ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ,ഓൾ ഇന്ത്യാ ഇമാംമ്‌സ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്‌സ് ഓർഗനൈസെഷൻ,നാഷണൽ വുമൺസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. യുപി,കർണാടക,ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശിപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്,ജമാഅത്ത് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

Related Tags :
Similar Posts