മോദിയുടെ നേതൃത്വത്തില്‍ വിശ്വാസം; പിന്തുണ ബി.ജെപിക്കെന്ന് സുമലത എം.പി
|നിലവില്‍ കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ നിന്നുള്ള സ്വതന്ത്ര എം.പിയാണ് സുമലത
മാണ്ഡ്യ: കര്‍ണാടകയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് സുമലത എം.പി. നിലവില്‍ കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ നിന്നുള്ള സ്വതന്ത്ര എം.പിയാണ് സുമലത.
10 വരി മൈസൂരു-ബെംഗളൂരു എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മാണ്ഡ്യയില്‍ എത്താനിരിക്കെയാണ് സുമലതയുടെ പ്രഖ്യാപനം.എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും പാർട്ടിക്ക് പൂർണ പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് മാണ്ഡ്യയിലെ വസതിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത സുമലത, മാണ്ഡ്യ ജില്ലയിൽ മാറ്റം കൊണ്ടുവരാൻ ബി.ജെ.പിക്ക് പൂർണ പിന്തുണ നൽകാൻ തീരുമാനിച്ചതായി അറിയിച്ചത്. മാണ്ഡ്യ ജില്ലയിലെ മലിനമായ അന്തരീക്ഷം വൃത്തിയാക്കി 'സ്വച്ഛ് മാണ്ഡ്യ' വേണമെന്നും സുമലത പറഞ്ഞു.
രാജ്യത്തും ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്ര മോദിയെന്ന് പ്രകീർത്തിച്ച അവർ, മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്കുള്ള പിന്തുണ തന്‍റെയോ മകന്‍റെയോ ഭാവിക്ക് വേണ്ടിയല്ല, മറിച്ച് മാണ്ഡ്യ ജില്ലയുടെ മൊത്തത്തിലുള്ള വികസനത്തിനാണെന്ന് പറഞ്ഞു.തന്‍റെ മകൻ അഭിഷേക് അംബരീഷ് രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് വ്യക്തമാക്കിയ സുമലത, താനോ തന്‍റെ മകനോ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് തേടില്ല, എന്നാൽ ബി.ജെ.പി സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് കൂട്ടിച്ചേര്‍ത്തു.
പ്രശസ്തിക്കോ പണത്തിനോ വേണ്ടിയല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും അതെല്ലാം അനുഭവിച്ചിട്ടുണ്ടെന്നും സുമലത പറഞ്ഞു.''നാലു വർഷം മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഞാൻ ജനങ്ങളുടെ അനുഗ്രഹം നേടിയിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യും കോൺഗ്രസിന്റെയും കർഷക സംഘത്തിന്റെയും നേതാക്കളും എന്നെ പിന്തുണച്ചിരുന്നു.ജില്ലയിലെ പല നേതാക്കളിൽ നിന്നും ഒരുപാട് അപമാനങ്ങളും ദ്രോഹങ്ങളും എനിക്ക് നേരിടേണ്ടി വന്നു. എന്നാൽ ഞാൻ വെല്ലുവിളികളെ നേരിട്ടു, വിജയിച്ചു'' സുമലത പറഞ്ഞു.
Karnataka | Independent MP from Mandya, Sumalatha Ambareesh says "I extend my support to BJP led by PM Narendra Modi. I believe in the leadership of PM Modi."
— ANI (@ANI) March 10, 2023
(file photo) pic.twitter.com/3YI5ObTHBg