മധ്യപ്രദേശിൽ മുൻ ബി.ജെ.പി എം.എൽ.എ കോൺഗ്രസിൽ ചേർന്നു; പാർട്ടികൾ തമ്മിൽ പോസ്റ്റർ യുദ്ധം
|കട്‌നി ജില്ലയിലെ വിജയരാഘവ്ഘഡിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ആയ ധ്രുവ് പ്രതാപ് ആണ് കോൺഗ്രസിൽ ചേർന്നത്.
ഭോപ്പാൽ: ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് ബി.ജെ.പി പോസ്റ്റർ യുദ്ധം മുറുകുന്നു. മുൻ എംഎൽഎയായ ധ്രുവ് പ്രതാപ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് ഇരു പാർട്ടികളും തമ്മിൽ പോര് മുറുകിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി.ഡി ശർമക്കെതിരെ ബി.ജെ.പിയിലും വിമർശനം ശക്തമാകുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കർണാടകയിൽ നേടിയ വിജയം ആവർത്തിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സർക്കാരിന് എതിരായ അഴിമതി ആരോപണങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് പ്രചാരണം. ഇതിന് മറുപടിയായാണ് കമൽനാഥ് സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങൾ ഉൾക്കൊള്ളിച്ച് ബി.ജെ.പി പോസ്റ്റർ പ്രചരണം ആരംഭിച്ചത്. പോസ്റ്റർ പ്രചാരണം ബി.ജെ.പി എത്ര നടത്തിയാലും തനിക്കെതിരെ ഒരു ആരോപണം പോലും ബി.ജെ.പിക്ക് തെളിയിക്കാൻ കഴിയില്ലെന്ന് കമൽനാഥ് പറഞ്ഞു.
#WATCH | "Let them put up as many posters as they want, but no one can raise a finger at me. There is no single stain on my political career," says Congress leader & former Madhya Pradesh CM Kamal Nath in Bhopal https://t.co/qqvOQitBIF pic.twitter.com/d9x1JBWScZ
— ANI MP/CG/Rajasthan (@ANI_MP_CG_RJ) June 24, 2023
കട്‌നി ജില്ലയിലെ വിജയരാഘവ്ഘഡിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ആയിരുന്നു ധ്രുവ് പ്രതാപ്. മറ്റൊരു മുതിർന്ന നേതാവായ ശങ്കർ മഹ്‌തോയ്ക്ക് ഒപ്പമാണ് ധ്രുവ് പ്രതാപ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി.ഡി ശർമക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് നേതാക്കൾ പാർട്ടി വിട്ടത്. സമ്പന്നരെ സ്‌നേഹിക്കുന്ന ശർമക്ക് ജനങ്ങളുമായി അടുപ്പമില്ലെന്ന ആക്ഷേപം ബി.ജെ.പിക്ക് ഉള്ളിൽ തന്നെയുണ്ട്. അതേസമയം ഭരണത്തുടർച്ച ലക്ഷ്യമിട്ട് വിവിധ പ്രഖ്യാപനങ്ങളും ശിവരാജ് സിങ് ചൗഹാൻ സർക്കാർ നടത്തുന്നുണ്ട്. സംസ്ഥാന സർവീസിൽ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വർധിപ്പിക്കുമെന്നാണ് ഒടുവിലെ പ്രഖ്യാപനം. നിലവിൽ ക്ഷാമബത്തയിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും തമ്മിലുള്ള വ്യത്യാസം ഇതോടെ ഇല്ലാതാകും.