ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍
|പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ നിയമനടപടികൾ ഉടൻ സ്വീകരിക്കുമെന്നും സിധി അഡീഷണൽ പൊലീസ് സൂപ്രണ്ട് അഞ്ജുലത പട്‌ലെ പറഞ്ഞു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു. സിദ്ധിയിലെ പ്രാദേശിക നേതാവായ പ്രവേശ് ശുക്ലയാണ് അറസ്റ്റിലായത്. ശുക്ലക്കെതിരെ ഐപിസി 294,504, എസ്‌സി/എസ്ടി ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരം നേരത്തെ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്, പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ നിയമനടപടികൾ ഉടൻ സ്വീകരിക്കുമെന്നും സിധി അഡീഷണൽ പൊലീസ് സൂപ്രണ്ട് അഞ്ജുലത പട്‌ലെ പറഞ്ഞു.
"ഞങ്ങൾ പ്രതിയെ (പ്രവേഷ് ശുക്ല) കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വിഷയത്തിൽ കൂടുതൽ നിയമ നടപടികൾ ഉടൻ സ്വീകരിക്കും." എഎസ്പി പട്‌ലെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് പ്രവേശ് മൂത്രമൊഴിക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭവം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. "സിദ്ധി ജില്ലയിലെ ഒരു വൈറൽ വീഡിയോ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും കർശന നടപടി സ്വീകരിക്കാനും എൻഎസ്എ ചുമത്താനും നിര്‍ദേശം നല്‍കി'' മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്തു. മനുഷ്യത്വത്തിന് അപമാനം എന്നാണ് ചൗഹാന്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
ഗോത്രവർഗക്കാരുടെ സുരക്ഷയെ കുറിച്ച് പ്രതിപക്ഷമായ കോൺഗ്രസ് സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചതോടെ വിഷയം രാഷ്ട്രീയ വഴിത്തിരിവായി.സംഭവത്തിൽ കോൺഗ്രസ് നേതാവ് കമൽനാഥും മധ്യപ്രദേശ് സർക്കാരിനെതിരെ രംഗത്തെത്തുകയും സംഭവത്തെ അപലപിക്കുകയും ചെയ്തു.