'സസ്‌പെൻഷനാണെങ്കിൽ പാർലമെന്റ് ടിവിയിലെ അവതാരക സ്ഥാനവും വേണ്ട': രാജിവെച്ച് പ്രിയങ്ക ചതുർവേദി
|പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പതിനൊന്ന് പേര്‍ക്കൊപ്പം രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഷനിലായിരുന്നു. ഇതിലെ പ്രതിഷേധമെന്നോണമാണ് പ്രിയങ്ക ചതുര്‍വേദി സന്‍സദ് ടിവിയിലെ ഒരു ഷോയുടെ അവതാരക സ്ഥാനം രാജിവെക്കുന്നത്.
ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന സന്‍സദ് ടിവിയിലെ അവതാരക സ്ഥാനം രാജിവെച്ചു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പതിനൊന്ന് പേര്‍ക്കൊപ്പം രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഷനിലായിരുന്നു. ഇതിലെ പ്രതിഷേധമെന്നോണമാണ് പ്രിയങ്ക ചതുര്‍വേദി സന്‍സദ് ടിവിയിലെ ഒരു ഷോയുടെ അവതാരക സ്ഥാനം രാജിവെക്കുന്നത്.
അഗാധമായ വേദനയോടെയാണ് സൻസദ് ടിവിയുടെ മേരി കഹാനി എന്ന പരിപാടിയുടെ അവതാരകയായി പടിയിറങ്ങുന്നതെന്ന് രാഷ്ട്രപ്രതി രാംനാഥ് കോവിന്ദിന് അയച്ച രാജിക്കത്തില്‍ പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കുന്നു.
'ഒരു ഷോയ്ക്കായി മാത്രം സന്‍സദ് ടിവിയില്‍ ഇടം പിടിക്കാന്‍ തയ്യാറല്ല. കാരണം താനുള്‍പ്പെടെ 12 എംപിമാരെ രാജ്യസഭയില്‍ നിന്നും ഏകപക്ഷീയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിലൂടെ എം.പി എന്ന നിലയില്‍ പാര്‍ലമെന്ററി ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആണ് ഷോയില്‍ നിന്നുള്ള തന്റെ പിന്‍മാറ്റം'- പ്രിയങ്ക ചതുര്‍വേദി രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് പ്രിയങ്ക അടക്കം 12 എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്. പെഗാസസ് വിഷയത്തില്‍ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. ഇടത് അംഗങ്ങളായ എളമരം കരീം, ബിനോയ് വിശ്വം, തൃണമൂല്‍ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം.പിമാരായ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ്മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം.പിമാരായ അനില്‍ ദേശായി എന്നിവരാണ് സസ്പെന്‍ഷന്‍ ലഭിച്ച മറ്റു എംപിമാര്‍.