ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത സ്‌കൂൾ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
|സർക്കാർ പ്രൈമറി സ്‌കൂളിലെ അധ്യാപകനായ രാജേഷ് കണ്ണോജെയെ നവംബർ 25നാണ് സസ്പെൻഡ് ചെയ്തത്
ബർവാനി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിന് മധ്യപ്രദേശിലെ ബർവാനിയിലെ സ്‌കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു. സംസ്ഥാന ട്രൈബൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള കനസ്യ ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലെ അധ്യാപകനായ രാജേഷ് കണ്ണോജെയെ നവംബർ 25നാണ് സസ്പെൻഡ് ചെയതത്. എന്നാൽ സസ്പെൻഷൻ ഉത്തരവ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
ട്രൈബൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ്.രഘുവംശിയാണ് സസ്‌പെൻഷൻ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും രാഷ്ട്രീയ റാലിയിൽ പങ്കെടുത്തതിനുമാണ് കണ്ണോജെയെ സസ്‌പെൻഡ് ചെയ്തത്. പ്രധാനപ്പെട്ട ജോലികൾ ഉണ്ടെന്ന് കാണിച്ചാണ് അധ്യാപകൻ അവധിക്ക് അപേക്ഷിച്ചത്. എന്നാൽ രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്‌തെന്നും രഘുവംശി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ 'കശ്മീർ മുതൽ കന്യാകുമാരി' വരെ നീളുന്ന ഭാരത് ജോഡോ യാത്ര നവംബർ 23-നാണ് മധ്യപ്രദേശിൽ പ്രവേശിച്ചത്. സെപ്റ്റംബർ 7 ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ നിരവധി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മഹാരാഷ്ട്രയും മധ്യപ്രദേശും കടന്ന് യാത്ര രാജസ്ഥാനിൽ പര്യടനം ആരംഭിച്ചു. കാളി തലൈ മുതൽ ചന്ദ്രഭാഗ ചൗരാഹാ വരെയാണ് ഇന്നത്തെ യാത്ര. രാജസ്ഥാനിൽ യാത്ര വൻ വിജയമാകുമെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ. 21 വരെ രാജസ്ഥാനിൽ തുടരുന്ന യാത്ര 24 ന് ഡൽഹിയിൽ എത്തും. മധ്യപ്രദേശിലൂടെയുള്ള 12 ദിവസത്തെ യാത്ര പൂർത്തിയാക്കി ഇന്നലെ വൈകിട്ടാണ് രാജസ്ഥാനിൽ എത്തിയത്.