India
MPs dressed in black to the Parliament, Opposition meeting on Rahuls disqualification, Notice of urgent motion
India

കറുപ്പണിഞ്ഞ് എം.പിമാർ പാർലമെന്റിലേക്ക്; രാഹുലിനെ അയോ​ഗ്യനാക്കിയതിൽ പ്രതിപക്ഷ യോ​ഗം; അടിയന്തര പ്രമേയ നോട്ടീസ്

Web Desk
|
27 March 2023 5:04 AM GMT

രാഹുൽ ഗാന്ധിയുടെ അയോഗ്യത സംബന്ധിച്ച് സ്പീക്കർ ഇന്ന് സഭയിൽ വിശദീകരണം നൽകിയേക്കും.

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാ​ഗമായി എം.പിമാരുടെ യോഗം പാർലമെന്ററി പാർട്ടി ഓഫീസിൽ ആരംഭിച്ചു. രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതിഷേധം ആസൂത്രണം ചെയ്യാനുള്ള യോഗത്തിൽ രാജ്യസഭയിലെയും ലോക്സഭയിലേയും എം.പിമാരാണ് പങ്കെടുക്കുന്നത്.

യോ​ഗത്തിൽ തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. 17 പ്രതിപക്ഷ പാർട്ടി പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

അതേസമയം, കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് പ്രതിപക്ഷ എംഎൽഎമാർ പാർലമെന്റിലേക്ക് എത്തുന്നത്. കോൺ​ഗ്രസ് എം.പിമാരെ കൂടാതെ എൻ.കെ പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരും കറുത്ത വസ്ത്രം അണിഞ്ഞ് പാർലമെൻ്റിൽ എത്തും. കറുപ്പ് വസ്ത്രമണിഞ്ഞെത്താൻ രാജ്യസഭയിലെ എംപിമാർക്ക് കോൺഗ്രസ് നേരത്തെ നിർദേശം നൽകിയിരുന്നു.

ഇതിനിടെ, രാഹുലിനെ അയോഗ്യനാക്കിയത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഹൈബി ഈഡൻ എം.പിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

പ്രതിപക്ഷ നേതാക്കളെ ക്രിമിനൽ കേസിൽപെടുത്തി അയോഗ്യരാക്കുന്നത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ആംആദ്മി പാർട്ടി എം.പി രാഘവ് ചദ്ദയും നോട്ടീസ് നൽകി. അതേസമയം രാഹുൽ ഗാന്ധിയുടെ അയോഗ്യത സംബന്ധിച്ച് സ്പീക്കർ ഇന്ന് സഭയിൽ വിശദീകരണം നൽകിയേക്കും. ഇന്നലെ ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും കോൺ​ഗ്രസ് സത്യ​ഗ്രഹം സംഘടിപ്പിച്ചിരുന്നു.

Similar Posts