രാജ്യസഭയിൽ എം.പിമാരെ സസ്പെന്‍ഡ് ചെയ്തത് നടപടി ക്രമങ്ങൾ പാലിക്കാതെയെന്ന് ആക്ഷേപം
|എളമരം കരിം,ബിനോയ് വിശ്വം എന്നിവർ ഉൾപ്പെടെ 12 എം.പിമാരെയാണ് സമ്മേളന കാലയളവ് വരെ പുറത്ത് നിർത്തുന്നത്
രാജ്യസഭയിൽ നിന്നും അംഗങ്ങളെ സസ്പെൻഡ് ചെയ്തത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന് ആക്ഷേപം. എളമരം കരിം,ബിനോയ് വിശ്വം എന്നിവർ ഉൾപ്പെടെ 12 എം.പിമാരെയാണ് സമ്മേളന കാലയളവ് വരെ പുറത്ത് നിർത്തുന്നത്. കഴിഞ്ഞ സമ്മേളനത്തിന് ചെയ്ത കുറ്റത്തിനു ഈ സമ്മേളനത്തിൽ ശിക്ഷിക്കാൻ കഴിയില്ലെന്ന് ലോക്സഭ സെക്രട്ടറി ജനറൽ ആയിരുന്ന പി.ഡി.റ്റി ആചാരി പറയുന്നു.
വർഷകാല സമ്മേളനത്തിൽ രാജ്യസഭയിൽ ഉണ്ടായ ബഹളത്തിനാണ് ശീതകാലസമ്മേളനത്തിൽ എംപിമാരെ ശിക്ഷിച്ചിരിക്കുന്നത്. പെഗാസസ് ചാരവൃത്തിയിൽ അന്വേഷണവും പാർലമെന്‍റിലെ ചർച്ചയും ആവശ്യപ്പെട്ടു ആഗസ്ത് 11 നാണ് രാജ്യസഭ പ്രക്ഷുബ്ധമായത്. സഭയിൽ അംഗങ്ങൾ മോശമായി പെരുമാറിയാൽ ആ സമ്മേളന കാലയളവിൽ തന്നെയാണ് സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടത്.
പ്രിവിലേജ് കമ്മറ്റി മുഖേനയും അംഗങ്ങൾക്ക് എതിരെ നടപടിയെടുക്കാം. പക്ഷെ കമ്മിറ്റിക്ക് മുമ്പാകെ ഈ അംഗങ്ങളെ വിളിച്ചു വരുത്തുകയും അവരുടെ ഭാഗം കേൾക്കുകയും ചെയ്യണം. ഇവിടെ ഈ നടപടിയും ഉണ്ടായില്ല. സർക്കാരിനെ നിരന്തരം പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷ അംഗങ്ങൾക്കെതിരെയാണ് കടുത്ത അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നതാണ്. പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്നു സസ്പെൻഷൻ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് എം.പിമാരുടെ തീരുമാനം.