India
msf leaders visit muzafar nagar student parent
India

യു.പിയിൽ വിദ്വേഷ ആക്രമണത്തിനിരയായ വിദ്യാർഥിയുടെ കുടുംബത്തെ എം.എസ്.എഫ് നേതാക്കൾ സന്ദർശിച്ചു

Web Desk
|
26 Aug 2023 12:58 PM GMT

കുട്ടിയുടെ പിതാവുമായി ഫോണിൽ സംസാരിച്ച മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും കുടുംബത്തിന് എല്ലാ പിന്തുണവും വാഗ്ദാനം ചെയ്തു.

മുസഫർനഗർ : ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ക്ലാസ് മുറിയിൽ വിദ്വേഷ ആക്രമണത്തിനിരയായ വിദ്യാർഥിയുടെ കുടുംബത്തെ എം.എസ്.എഫ് നേതാക്കൾ സന്ദർശിച്ചു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സിറാജുദ്ധീൻ നദ്വിയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ പിതാവ് ഇർഷാദുമായി സംസാരിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവരും പിതാവുമായി ഫോണിൽ സംസാരിച്ചു. കുടുംബത്തിന് എല്ലാ പിന്തുണയും നേതാക്കൾ വാഗ്ദാനം ചെയ്തു. രാഷ്ട്രത്തിൽ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും വിദ്യാഭ്യാസം തുടരാൻ മുസ്ലിം വിദ്യാർഥികൾക്ക് സുരക്ഷ വേണമെന്ന് എം.എസ്.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.

മുസ്‌ലിം വിദ്യാർഥിയെ ക്ലാസ് മുറിയിൽ പരസ്യമായി തല്ലിയ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു. സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ സ്‌കൂളുകളെ വർഗീയവൽക്കരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത കാലത്തായി ന്യൂനപക്ഷങ്ങൾക്ക് ഭയാനകമായ ഇടങ്ങളായി മാറുകയാണ്. രാജ്യത്തിന്റെ ഭാവി തലമുറയായ വിദ്യാർഥികളിൽ വർഗീയ വിഷം കുത്തിവച്ചാൽ രാഷ്ട്രം എങ്ങനെ സൃഷ്ടിപരമായി പുരോഗമിക്കുമെന്ന് അദ്ദേഹം ചോദിച്ചു. മുസ്‌ലിം വിദ്യാർഥിയെ അടിക്കാൻ സഹപാഠികളോട് ആവശ്യപ്പെട്ട അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും സാജു ആവശ്യപെട്ടു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തൃപ്ത ത്യാഗി മുസ്‌ലിം വിദ്യാർഥിയെ അടിക്കാൻ മറ്റു വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Similar Posts