India
HC rejects Siddaramaiah’s plea against Guv’s order, BJP demands CM’s resignation, Congress says ‘he is clean’, latest news malayalam, മുഡ ഭൂമി കുംഭകോണം: സർക്കാറിനെതിരെ ആയുധമാക്കാൻ ബിജെപി, മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി
India

മുഡ ഭൂമി കുംഭകോണം: സർക്കാറിനെതിരെ ആയുധമാക്കാൻ ബിജെപി, മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി

Web Desk
|
24 Sep 2024 10:35 AM GMT

കേസ് കെട്ടിച്ചമച്ചതാണെന്നും നേതാക്കൾക്കെതിരെ ഗൂഢാലോചനയെന്നും കോൺ​ഗ്രസ്

ബെംഗളൂരു: മുഡ ഭൂമി കുംഭകോണക്കേസിൽ തിരിച്ചടി നേരിട്ടതിനു പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്യുടെ രാജി ആവശ്യപ്പെട്ട് കർണാടക ബിജെപി രം​ഗത്ത്. മുഖ്യമന്ത്രിയെ വിചാരണച്ചെയ്യാൻ അനുമതി നൽകിയ ​ഗവർണറുടെ നടപടി നിയമപ്രകാരമാണെന്ന് ഹൈക്കോടതി വിധിച്ചതായി സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര പറഞ്ഞു. ​

ഗവർണർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കുകയും ഹൈക്കോടതി വിധി മാനിക്കുകയും ചെയ്ത് മുഖ്യമന്ത്രിസ്ഥാനം മാന്യമായി രാജിവെക്കാൻ സിദ്ധരാമയ്യ തയാറാകണമെന്ന് അഭ്യർഥിക്കുകയാണെന്നും വിജയേന്ദ്ര പറഞ്ഞു. ഹൈക്കോടതി വിധിയോടെ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശം നഷ്ടപ്പെട്ടെന്നും അദ്ദേഹം തന്റെ എക്‌സിൽ കുറിച്ചു.

സിദ്ധരാമയ്യയെ 'അഴിമതിക്കാരനായ നേതാവ്' എന്ന് വിശേഷിപ്പിച്ച് ബിജെപിയുടെ മുതിർന്ന നേതാവ് സി.ടി രവി രം​ഗത്തുവന്നു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും കോടതി വിധിയുടെ പശ്ചതലത്തിൽ അദ്ദേ​ഹം രാജിവെച്ച് പുറത്തുപോകണമെന്നും രവി പറഞ്ഞു. അഴിമതിക്കാരായ നേതാക്കൾ രാജിവെക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഡ കേസ് കെട്ടിച്ചമച്ചതാണെന്നും തുടർന്നുള്ള നിയമ പോരാട്ടത്തിന് കന്നഡ ജനതയുടെ പൂർണ പിന്തുണയുണ്ടെന്നുമാണ് സിദ്ധരാമയ്യയ്യുടെ വിശദീകരണം. ബിജെപിയും ജെഡിഎസും രാജ്ഭവനെ ദുരുപയോഗം ചെയ്തെന്നും നിയമ പോരാട്ടത്തിൽ സത്യം ജയിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഡ കേസുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിനും എതിരല്ലെന്നും തുടർ നിയമ നടപടികൾ വിദഗ്ദരുമായി ആലോചിച്ചെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഹൈക്കോടതി വിധിയിൽ മുഖ്യമന്ത്രിക്ക് തിരിച്ചടിയായി ഒന്നുമില്ലെന്നും മുഡ കുംഭകോണക്കേസ് നേതാക്കൾക്കെതിരായ വലിയ ഗൂഢാലോചനയാണെന്നും ബിജെപി നേതാക്കളുടെ പരാമർശങ്ങൾക്ക് മറുപടിയായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

മുഡ ഭൂമി ഇടപാട് കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് ക‍ർണാടക ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷമായ ബിജെപി ഭരണപക്ഷത്തിനെതിരെ രം​ഗത്തെത്തിയത്. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് സിദ്ധരാമയ്യയക്ക് തിരിച്ചടി നേരിട്ടത്. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ​ഗവർണരുടെ നിർദേശം ചോദ്യം ചെയ്തുള്ള ഹരജിയാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ച് തള്ളിയത്.

താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ തവർ ചന്ദ് ഗെഹ്‍ലോട്ടിൻറെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹരജി. എന്നാൽ അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. മലയാളിയായ ടി.ജെ അബ്രഹാം, പ്രദീപ് കുമാര്, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസിൽ ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് ​ഗവർണർ വിചാരണക്ക് അനുമതി നൽകിയത്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 50 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു കേസ്. 3000 കോടിയുടെ ക്രമക്കേട് ഈ കേസുമായി നടന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പാർവതിക്ക് അവരുടെ സഹോദരന് നൽകിയ ഭൂമി, മൈസൂരു അർബൻ ഡവലപ്‌മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ. 2010ലാണ് സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരൻ മല്ലികാർജുൻ ഭൂമി സമ്മാനിച്ചത്.

Similar Posts