India
മുഈൻ അലി വീണ്ടും ഇംഗ്ലണ്ട് ടീമിൽ, ബ്രിജ് ഭൂഷണെതിരായ സമരം താത്ക്കാലികമായി അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്
India

മുഈൻ അലി വീണ്ടും ഇംഗ്ലണ്ട് ടീമിൽ, ബ്രിജ് ഭൂഷണെതിരായ സമരം താത്ക്കാലികമായി അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്

Web Desk
|
7 Jun 2023 4:27 PM GMT

ബ്രിജ്ഭൂഷണ് എതിരെ നടപടി സ്വീകരിക്കാൻ ജൂൺ 15 വരെ കേന്ദ്ര സർക്കാരിന് സമയം അനുവദിച്ച് ഗുസ്തി താരങ്ങൾ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുഈൻ അലി വീണ്ടും ഇംഗ്ലണ്ട് ടീമിൽ

ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ മുഈൻ അലി ആഷസ് ടെസ്റ്റിനുളള ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തി. ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് പ്രകാരം അലി ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇംഗ്ലണ്ട് സ്പിന്നർ ജാക്ക് ലീച്ചിന് പരിക്കേറ്റതും അലിയുടെ മടങ്ങിവരവ് 'എളുപ്പമാക്കി'. അയർലാൻഡിനെതിരെ ഏക ടെസ്റ്റ് മത്സരം കഴിഞ്ഞതിന് ശേഷം നടത്തിയ സ്‌കാനിങിലാണ് ലീച്ചിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്.

മത്സരത്തിൽ പത്ത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ടെസ്റ്റ് നായകൻ ബെൻസ്റ്റോക്‌സ്, പരിശീലകൻ ബ്രണ്ടൻ മക്കല്ലം ടീം മാനേജർ റോബ് കീ എന്നിവരമായി അലി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരികെ വരാനുള്ള തീരുമാനം അലി സ്വീകരിച്ചത്. എഡ്ജ്ബാസ്റ്റൺ, ലോർഡ്‌സ് എന്നിവിടങ്ങളിൽ നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റ് ടീമിലേക്കാണ് അലിയെ പരിഗണിച്ചിരിക്കുന്നത്. അതേസമയം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയതിന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൊന്നും അലി കളിച്ചിരുന്നില്ല. 2021ൽ ഇന്ത്യക്കെതിരായ പരമ്പരക്ക് പിന്നാലെയാണ് അലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയത്.

എന്നാൽ വിരമിക്കലിന് ശേഷം ഏകദിന-ടി20 ക്രിക്കറ്റിൽ താരം സജീവമാണ്. ഇംഗ്ലണ്ട് ടി20 ലോകകപ്പ് നേടിയപ്പോഴും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്‌സ് കിരീടം നേടിയപ്പോഴും അലി ടീമിനൊപ്പമുണ്ടായിരുന്നു. 2014-ൽ ശ്രീലങ്കയ്‌ക്കെതിരെ ലോർഡ്‌സിൽ അരങ്ങേറ്റം കുറിച്ച ശേഷം 64 ടെസ്റ്റുകൾ കളിച്ച മുഈൻ അലി, 28.29 ശരാശരിയിൽ അഞ്ച് സെഞ്ചുറികളും 14 അർധസെഞ്ചുറികളും സഹിതം 2,914 റൺസ് നേടിയിട്ടുണ്ട്. 36.66 ശരാശരിയിൽ 195 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ആസ്‌ട്രേലിയയ്‌ക്കെതിരായ 11 ടെസ്റ്റുകളിൽ നിന്ന് 25.05 ശരാശരിയിൽ രണ്ട് അർധസെഞ്ചുറികളോടെ 476 റൺസ് നേടാനെ അലിക്കായുള്ളൂ. ഇംഗ്ലണ്ടിന്റെ ചിരവൈരികൾക്കെതിരെ 20 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

അമിത് ഷായുടെ വസതിക്ക് മുന്‍പില്‍ കുകി പ്രതിഷേധം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധം. ഡൽഹിയിലെ വസതിക്ക് മുൻപിൽ പ്രതിഷേധിച്ചത് മണിപ്പൂരിലെ കുകി വിഭാഗത്തിന്‍റെ വനിതാ സംഘടനാ നേതാക്കളാണ്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മണിപ്പൂരിലെ വംശീയ അതിക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചത്.

"സമാധാനം പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ ഉറപ്പുനൽകിയിട്ടും മണിപ്പൂരിൽ ഞങ്ങളുടെ സമുദായത്തിന് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്. അവിടെ ജീവൻ അപകടത്തിലാണ്. ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ"- പ്രതിഷേധക്കാര്‍ പറഞ്ഞെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അമ്മയെയും മകനെയും സംഘർഷങ്ങൾക്കിടെ ആംബുലൻസിലിട്ട് കത്തിച്ച സംഭവത്തില്‍ മണിപ്പൂരിൽ പ്രതിഷേധം ശക്തമാകുകയാണ്. മെയ് മൂന്നിനായിരുന്നു സംഭവം. മെയ്തെയ് വിഭാഗത്തെ മണിപ്പൂർ സർക്കാർ വെള്ളപൂശാൻ ശ്രമിക്കുന്നു എന്നാണ് കുകി വിഭാഗത്തിന്‍റെ ആരോപണം. അതേസമയം കലാപകാരികൾ തട്ടിയെടുത്ത ആയുധങ്ങളിൽ ഭൂരിഭാഗം ആയുധങ്ങളും ഇനിയും തിരിച്ചുലഭിച്ചിട്ടില്ല എന്നാണ് സൈന്യം പറയുന്നത്.

മെയ് മാസം മുതല്‍ ഇതുവരെ 80 പേരാണ് കൊല്ലപ്പെട്ടത്. 35,000 പേരെ മാറ്റിപ്പാർപ്പിച്ചു. സമാധാന ശ്രമങ്ങളുടെ ഭാഗമായി അമിത് ഷാ കഴിഞ്ഞയാഴ്ച നാല് ദിവസം മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മണിപ്പൂരിന്‍റെ സമാധാനമാണ് സർക്കാരിന്‍റെ പ്രഥമ പരിഗണനയെന്ന് അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. മണിപ്പൂരിലെ കലാപം വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

ബ്രിജ് ഭൂഷണെതിരായ സമരം താത്ക്കാലികമായി അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍

ഗുസ്തി ഫെഡറേഷന് അധ്യക്ഷൻ ബ്രിജ്ഭൂഷണ് എതിരെ നടപടി സ്വീകരിക്കാൻ ജൂൺ 15 വരെ കേന്ദ്ര സർക്കാരിന് സമയം അനുവദിച്ച് ഗുസ്തി താരങ്ങൾ. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്രംഗ് പൂനിയ എന്നിവർ നടത്തിയ ചർച്ചയിൽ ആണ് തീരുമാനം. ജൂൺ പതിനഞ്ച് വരെ സമരം ഉണ്ടാകില്ലെന്നും താരങ്ങൾ മന്ത്രിക്ക് ഉറപ്പ് നൽകി.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ വെള്ളിയാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രത്യക്ഷ സമരം വീണ്ടും ആരംഭിക്കുമെന്നായിരുന്നു ഗുസ്തി താരങ്ങളുടെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് താരങ്ങളെ ചർച്ചയ്ക്കായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ തൻ്റെ വസതിയിലേക്ക് ക്ഷണിച്ചത്. ജൂൺ പതിനഞ്ചിനുള്ളിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് ചർച്ചയിൽ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ താരങ്ങൾക്ക് ഉറപ്പ് നൽകി. വാക്ക് പാലിച്ചില്ലെങ്കിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സാക്ഷി മാലിക് വ്യക്തമാക്കി.

ബ്രിജ്ഭൂഷൺ ശരൺ സിംഗിൻ്റെ അറസ്റ്റ് ഉൾപ്പടെ അഞ്ചോളം ആവശ്യങ്ങളാണ് കൂടിക്കാഴ്ചയിൽ താരങ്ങൾ മന്ത്രിക്ക് മുൻപിൽ വെച്ചത്. ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പ് ഈ മാസത്തിനുള്ളിൽ തന്നെ നടത്തുകയും അത് വരെ നിർവഹണ ചുമതലയുള്ള അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് രണ്ട് വനിതാ കോച്ചുമാരെ ഉൾപ്പെടുത്തണം എന്നുമുള്ള താരങ്ങളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷണുമായി ബന്ധമുള്ള ആരും അധികാര സ്ഥാനങ്ങളിലേക്ക് മത്സരിക്കരുതെന്ന ആവശ്യവും താരങ്ങൾ ചർച്ചയിൽ മുന്നോട്ട് വെച്ചു. ആഭ്യന്തര പരാതി പരിഹാര സെല്ലിൻ്റെ ചുമതല രണ്ട് വനിതകൾക്ക് ആകുമെങ്കിലും ഗുസ്തി ഫെഡറേഷന് അധ്യക്ഷ വനിതയാകണമെന്ന താരങ്ങളുടെ ആവശ്യത്തെ കേന്ദ്ര സർക്കാർ തള്ളി.

രാവിലെ പതിനൊന്നരയോടെ ആരംഭിച്ച ചർച്ച വൈകീട്ട് അഞ്ചരയ്ക്കാണ് പൂർത്തിയായത്. അനുവദിച്ച സമയത്തിന് ഉള്ളിൽ അന്വേഷണം പൂർത്തിയാക്കി ബ്രിജ്ഭൂഷണ് എതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന മുന്നറിയിപ്പോടെയാണ് താരങ്ങൾ മടങ്ങിയത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്‌

ഏകദിന ശൈലിയിൽ ട്രാവിസ് ഹെഡ് ബാറ്റ് വീശിയപ്പോൾ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ അപകട നില തരണം ചെയ്ത് ആസ്‌ട്രേലിയ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ്. ട്രാവിസ് ഹെഡിന് കൂട്ടായി സ്റ്റീവ് സ്മിത്താണ് ക്രീസിൽ. 106 പന്തുകളിൽ നിന്നാണ് ഹെഡ് സെഞ്ച്വറി തികച്ചത്. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ്.

ഇന്ത്യക്കെതിരെ ആദ്യത്തേതും. 76ന് മൂന്ന് എന്ന തകർന്ന നിലയിൽ നിന്നാണ് സ്മിത്തും ട്രാവിസ് ഹെഡും ചേർന്ന് ടീമിനെ കരകയറ്റിയത്. പതിനഞ്ച് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിങ്‌സ്. ഇരുവരുടെയും കൂട്ടുകെട്ട് ഇപ്പോൾ 176 റൺസ് പിന്നിട്ടു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മുഹമ്മദ് സിറാജ് ശർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കളിതുടങ്ങി നാലാം ഓവറില്‍ തന്നെ ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തിയിരുന്നു. 144 കി.മീ വേഗത്തിലെത്തിയ ഒരു ഔട്ട്സ്വിങ്ങറില്‍ ഉസ്മാന്‍ ഖവാജയെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ആദ്യ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 10 പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് ഖവാജ മടങ്ങിയത്. പിന്നാലെ വാര്‍ണറും ലബുഷെയ്‌നും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നിലയുറപ്പിച്ച വാര്‍ണറെ മടക്കി ശാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.43 റണ്‍സായിരുന്നു വാര്‍ണറുടെ സമ്പാദ്യം.

തൊട്ടുപിന്നാലെ ലബുഷെയിനും മടങ്ങിയതോടെ ആസ്‌ട്രേലിയയുടെ നില പരുങ്ങലിലായി. 26 റൺസെടുത്ത ലബുഷെയിനെ മുഹമ്മദ് ഷമി മടക്കുകയായിരുന്നു. അതോടെ ആസ്‌ട്രേലിയ 76ന് മൂന്ന് എന്ന നിലയിൽ എത്തി. എന്നാൽ നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡും സ്മിത്തും ചേർന്ന് ടീമിനെ രക്ഷിക്കുകയാണ്. ഏകദിന ശൈലിയാണ് ഹെഡ് ബാറ്റ് വീശുന്നത്. ഇതിനകം തന്നെ ആറ് ബൗണ്ടറികൾ താരം നേടിക്കഴിഞ്ഞു. സ്മിത്ത് പ്രതിരോധിച്ചാണ് ബാറ്റുവീശുന്നത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പച്ചപ്പ് നിറഞ്ഞ പിച്ചില്‍ നാല് പേസര്‍മാരുമായി ഇറങ്ങിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ടോസ് കിട്ടിയപ്പോള്‍ ബൗളിങ് തിരഞ്ഞെടുക്കാന്‍ തെല്ലും ആലോചിക്കേണ്ടിവന്നില്ല. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവും ശാര്‍ദുല്‍ താക്കൂറും പേസര്‍മാരായി ഇന്ത്യന്‍ നിരയിലുണ്ട്. ഒരൊറ്റ സ്പിന്നറെ മാത്രമാണ് ഇന്ത്യ കളിപ്പിക്കുന്നത്. അശ്വിനെ ഒഴിവാക്കി ബാറ്റിങ് കൂടി കണക്കിലെടുത്ത് രവീന്ദ്ര ജഡേജയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. ശ്രീകര്‍ ഭരതാണ് വിക്കറ്റിന് പിന്നില്‍.

'ബ്രിജ്ഭൂഷണെതിരെയുള്ള പരാതിയിൽ ജൂൺ പതിനഞ്ചിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും';അനുരാഗ് താക്കൂർ

ഗുസ്തി ഫെഡറേഷന് അധ്യക്ഷൻ ബ്രിജ്ഭൂഷണെതിരെയുള്ള പരാതിയിൽ ജൂൺ പതിനഞ്ചിനുള്ളിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് ചർച്ചയിൽ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. ഗുസ്തി താരങ്ങളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിജ്ഭൂഷൺ ശരൺ സിംഗിൻ്റെ അറസ്റ്റ് ഉൾപ്പടെ അഞ്ചോളം ആവശ്യങ്ങളാണ് കൂടിക്കാഴ്ചയിൽ താരങ്ങൾ മന്ത്രിക്ക് മുൻപിൽ വെച്ചത്. ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പ് ഈ മാസത്തിനുള്ളിൽ തന്നെ നടത്തുകയും അത് വരെ നിർവഹണ ചുമതലയുള്ള അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് രണ്ട് വനിതാ കോച്ചുമാരെ ഉൾപ്പെടുത്തണം എന്നുമുള്ള താരങ്ങളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷണുമായി ബന്ധമുള്ള ആരും അധികാര സ്ഥാനങ്ങളിലേക്ക് മത്സരിക്കരുതെന്ന ആവശ്യവും താരങ്ങൾ ചർച്ചയിൽ മുന്നോട്ട് വെച്ചു. ആഭ്യന്തര പരാതി പരിഹാര സെല്ലിൻ്റെ ചുമതല രണ്ട് വനിതകൾക്ക് ആകുമെങ്കിലും ഗുസ്തി ഫെഡറേഷന് അധ്യക്ഷ വനിതയാകണമെന്ന താരങ്ങളുടെ ആവശ്യത്തെ കേന്ദ്ര സർക്കാർ തള്ളി.

ആർ.എസ്.എസ് സ്ഥാപകനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ സിലബസിൽനിന്ന് ഒഴിവാക്കാനൊരുങ്ങി കർണാടക

ആർ.എസ്.എസ് സ്ഥാപകൻ കേശവ ബലിറാം ഹെഡ്‌ഗെവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ സ്‌കൂൾ പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കാനൊരുങ്ങി കർണാടകയിലെ കോൺഗ്രസ് സർക്കാർ. ബി.ജെ.പി സർക്കാരിന്റെ കാലത്ത് ഉൾപ്പെടുത്തിയ മറ്റു പാഠഭാഗങ്ങളും പഠിപ്പിക്കേണ്ടെന്ന് അധ്യാപകർക്ക് നിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച സർക്കുലർ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.

വലതുപക്ഷക്കാരനായ ചക്രവർത്തി സുലിബെലെ, ബന്നാഞ്ചെ ഗോവിന്ദാചാര്യ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കും. 2023-24 അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പാഠപുസ്തകങ്ങൾ പുനഃപ്രസിദ്ധികരിക്കില്ല, പക്ഷേ ബി.ജെ.പി സർക്കാരിന്റെ കാലത്ത് ഉൾപ്പെടുത്തിയ പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടെന്ന് അധ്യാപകർക്ക് നിർദേശം നൽകും.

സ്‌കൂൾ സിലബസിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി സിദ്ധരാമയ്യ, വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നതായാണ് വിവരം. അധ്യാപനം, പരീക്ഷ, മൂല്യനിർണയം എന്നിവയിൽനിന്ന് വിവാദപരവും ആക്ഷേപകരവുമായ പാഠങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബി.ജെ.പി സർക്കാരിന്റെ കാലത്ത് ഉൾപ്പെടുത്തിയ വിവാദ പാഠഭാഗങ്ങളെ കുറിച്ച് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സിദ്ധരാമയ്യ നിർദേശിച്ചു. ഔദ്യോഗിക സർക്കുലർ പുറത്തിറക്കുന്നതിന് മുമ്പ് മന്ത്രിസഭ വിഷയം ചർച്ച ചെയ്യും.

ബാഴ്‌സയിലേക്ക് അല്ല: മെസി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക്?

അർജന്റീനൻ സൂപ്പർതാരം ലയണൽ മെസി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കെന്ന് പുതിയ റിപ്പോർട്ടുകൾ. പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെ മെസിയുടെ അടുത്ത ക്ലബ്ബ് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും അമേരിക്കയിലേക്കെന്നാണ് പുതിയ റിപ്പോർട്ടുകൾ. അഡിഡാസ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളുമായുള്ള സഹകരണം കൂടി മിയാമി കരാറില്‍ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സ്പാനിഷ് പത്രപ്രവർത്തകൻ ഗില്ലെം ബാലാഗാണ് ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത്. സൗദി അറേബ്യൻ ക്ലബ്ബായ അൽഹിലാൽ, പഴയതട്ടകമായ ബാഴ്‌സലോണ എന്നീ ക്ലബ്ബുകളെ ചുറ്റിപ്പറ്റിയായിരുന്നു മെസിയുടെ അടുത്ത ക്ലബ്ബ് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നത്. തുടക്കത്തിൽ ഇന്റർമിയാമിയും ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ചിത്രത്തിലില്ലാതായി. റെക്കോർഡ് തുകയാണ് സൗദി ക്ലബ്ബ് മെസിക്ക് മുന്നിൽ വെച്ചത്. എന്നാൽ താരത്തിന് പശ്ചിമേഷ്യയിലേക്ക് വരാൻ താൽപര്യമില്ലെന്ന റിപ്പോർട്ടുകൾ വന്നു. പിന്നാലെ ആദ്യ ക്ലബ്ബായ ബാഴ്‌സയിലേക്ക് തന്നെ മടങ്ങിവരുമെന്നായി.

മെസിയുടെ പിതാവ് ബാഴ്‌സലോണ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായിരുന്നു. മെസിയെ തിരികെ എത്തിക്കുന്നതിനുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ ലാലീഗ നീക്കിയതായും റിപ്പോർട്ടുകൾ വന്നു. ഇതിനിടിയിലാണ് മെസി ഇന്റർമിയാമിയിലേക്കെന്ന റിപ്പോർട്ടുകൾ വരുന്നത്. അതേസമയം പുതിയ ക്ലബ്ബ് സംബന്ധിച്ച് ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Similar Posts