'അയോഗ്യനാക്കിയത് പുനഃസ്ഥാപിക്കപ്പെടുമെന്ന് കരുതുന്നു'; മുഹമ്മദ് ഫൈസൽ ജയിൽമോചിതനായി
|ഹൈക്കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്നും മുഹമ്മദ് ഫൈസൽ
കണ്ണൂർ: ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ജയിൽ മോചിതനായി. എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് കരുതുന്നതായി ജയിൽ മോചിതനായ ശേഷം മുഹമ്മദ് ഫൈസൽ പ്രതികരിച്ചു. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കവരത്തി കോടതി ഉത്തരവും ശിക്ഷാവിധിയും മരവിപ്പിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസൽ ജയിൽ മോചിതനായത്.
ഹൈക്കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യകത എന്താണെന്നും ആർക്കാണ് ധൃതിയെന്നും അദ്ദേഹം ചോദിച്ചു. ''ഇതിൽ ആരുടെയോ താൽപര്യമാണെന്ന് കരുതുന്നു, ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരത്തിനെതിരെ പ്രതികരിച്ചത്‌കൊണ്ടാണ് എനിക്ക് പകരം ഒരാളെ അവിടെ സ്ഥാപിക്കണമെന്ന ധൃതി വരുന്നത്''- മുഹമ്മദ് ഫൈസൽ പറഞ്ഞു.
ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നത് ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കവരത്തി കോടതി ഉത്തരവും ശിക്ഷാവിധിയും മരവിപ്പിച്ചതോടെ കേസിലെ കൂട്ട് പ്രതികൾക്കും ഉടൻ ജയിൽമോചിതരാകാം. വധശ്രമം ഉൾപ്പെടെയുള്ള കുറ്റം ചുമത്തുന്നതിന് ആവശ്യമായ തെളിവുകൾ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബെച്ചുകുര്യൻ തോമസിന്റെ ഉത്തരവുണ്ടായത്.
കേസിൽ രണ്ടാം പ്രതിയായ മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ നടപ്പാക്കുന്നതും കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവും കോടതി മരവിപ്പിച്ചു. മറ്റ് മൂന്ന് പ്രതികളുടെ ശിക്ഷ റദ്ദാക്കിയെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉത്തരവ് തുടരും. ഹൈക്കോടതി ഉത്തരവ് കവരത്തി കോടതിയിൽ ഹാജരാക്കി ജാമ്യക്കാരെ എത്തിച്ചാൽ പ്രതികൾക്ക് ഉടൻ ജയിൽ മോചിതരാകാം. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദങ്ങൾ എല്ലാം തള്ളിയാണ് ഹരജിയിൽ ജസ്റ്റിസ് ബെച്ചുകുര്യൻ തോമസിന്റെ ഉത്തരവ്. സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയായി.