മകന് വേണ്ടി ദുബൈയിൽ ആഡംബര വില്ല സ്വന്തമാക്കി മുകേഷ് അംബാനി
|80 മില്യൻ ഡോളർ (ഏകദേശം 639 കോടി രൂപ) നൽകിയാണ് അംബാനി ഈ വില്ല സ്വന്തമാക്കിയതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
ദുബൈ: ഇളയ മകൻ ആനന്ദ് അംബാനിക്കായി ദുബൈയിൽ ആഡംബര വില്ല സ്വന്തമാക്കി റിലയൻസ് മേധാവി മുകേഷ് അംബാനി. ദുബൈയിലെ ബിച്ചിന് സമീപത്തായുള്ള പാം ജുമൈറയിലെ വില്ലയാണ് മുകേഷ് അംബാനി വാങ്ങിയതെന്നാണ് റിപ്പോർട്ട്. പാം ജുമൈറയിലെ വടക്കൻ മേഖലയിലാണ് ഈ വില്ല സ്ഥിതിചെയ്യുന്നത്.
80 മില്യൻ ഡോളർ (ഏകദേശം 639 കോടി രൂപ) നൽകിയാണ് അംബാനി ഈ വില്ല സ്വന്തമാക്കിയതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. 10 കിടപ്പുമുറികൾ, ഒരു സ്വകാര്യ സ്പാ, ഇൻഡോർ-ഔട്ട്‌ഡോർ പൂളുകൾ എന്നിവയെല്ലാം ഈ വില്ലയിലുണ്ട്.
ഈ വർഷം ആദ്യത്തിലാണ് അംബാനി വില്ല വാങ്ങിയത്. അതിസമ്പന്നരായ ബിസിനസുകാരെയും സെലിബ്രിറ്റികളെയും ആകർഷിക്കുന്നതിനായി വിദേശികൾക്ക് ദീർഘകാല ഗോൾഡൻ വിസകൾ, വിട്ടുടമസ്ഥതയിലെ നിയന്ത്രണങ്ങളിൽ ഇളവ് തുടങ്ങിയ ആനുകൂല്യങ്ങൾ യുഎഇ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ, ബോളിവുഡ് താരം ഷാറൂഖ് ഖാൻ തുടങ്ങിയവർക്ക് പാം ജുമൈറയിൽ വില്ലകളുണ്ട്.
വിദേശത്തേക്കും റിയൽ എസ്റ്റേറ്റ് ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റിലയൻസ് ഗ്രൂപ്പ് എന്നാണ് ബിസിനസ് മാഗസിനുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം 79 മില്യൻ ഡോളർ മുടക്കി യു.കെയിലെ സ്‌റ്റോക് പാർക്ക് ലിമിറ്റഡ് റിലയൻസ് വാങ്ങിയിരുന്നു. അംബാനിയുടെ മൂത്ത മകൻ ആകാശിനുവേണ്ടിയാണ് ഈ വീട് വാങ്ങിയതെന്നാണ് റിപ്പോർട്ട്. ദുബൈയിലെ വില്ല മോടി കൂട്ടാനും സുരക്ഷ വർധിപ്പിക്കാനുമായി അംബാനി കുടുംബം ഇനിയും ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചേക്കുമെന്ന് റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.