ഓരോ ആഴ്ചയും നഷ്ടം 3000 കോടി; അംബാനിക്കു മുമ്പിൽ വീണ് അദാനി
|അദാനിയുടെ ആകെ ആസ്തി 53 ബില്യൺ യുഎസ് ഡോളറായി ഇടിഞ്ഞു
മുംബൈ: 2023ലെ ഹൂറൂൺ ആഗോള സമ്പന്നപ്പട്ടികയിലെ ആദ്യ പത്തിൽ ഇന്ത്യയിൽനിന്ന് മുകേഷ് അംബാനി മാത്രം. 82 ബില്യൺ യുഎസ് ഡോളറാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്റെ ആസ്തി. കഴിഞ്ഞ വർഷം അംബാനിക്കും മുമ്പിലായിരുന്ന അദാനി ഈ വർഷം 23-ാം സ്ഥാനത്തേക്ക് വീണു. യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് നേരിട്ട തിരിച്ചടിയാണ് ഗൗതം അദാനിക്ക് വിനയായത്.
27 ബില്യൺ ഡോളർ ആസ്തിയുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സാരഥി സൈറസ് പൂനവാല ഇന്ത്യൻ സമ്പന്നരിൽ മൂന്നാമതെത്തി. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ശിവ് നാടാരാണ് നാലാമത്. ആസ്തി 26 ബില്യൺ ഡോളർ. ഈ വർഷം ഇന്ത്യയിൽനിന്ന് പുതുതായി 16 പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇന്ത്യൻ വംശജരായ ശതകോടീശ്വരുടെ എണ്ണം 217 ആയി വർധിക്കുകയും ചെയ്തു. മുംബൈയിലാണ് ഏറ്റവും കൂടുതൽ സമ്പന്നരുള്ളത്. 66 പേർ. ന്യൂഡൽഹിയിൽ 39 ഉം ബംഗളൂരുവിൽ 21 ഉം അതിസമ്പന്നരുണ്ട്. ലക്ഷ്മി എൻ മിത്തൽ, അശ്വിനി ദാനി, രാകേഷ് ഗാങ്‌വാൾ, രാഹുൽ ഭാട്ടിയ, ബൈജു രവീന്ദ്രൻ, രാധാകൃഷ്ണൻ ദമാനി, ദിലീപ് സാങ്‌വി തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖർ.
അദാനിയുടെ നഷ്ടം
കഴിഞ്ഞ വർഷം ഗൗതം അദാനിക്ക് പ്രതിവാരം മുവ്വായിരം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഹൂരൂൺ ഗ്ലോബല്‍ പുറത്തുവിട്ട റിസർച്ചിൽ പറയുന്നു. 53 ബില്യൺ യുഎസ് ഡോളറാണ് അദാനിയുടെ ആകെ ആസ്തി. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് ആസ്തിയിൽ 60 ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായത്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് സമ്പന്നപ്പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ശതകോടീശ്വരനായിരുന്നു അദാനി. റിപ്പോർട്ടിന് ശേഷം മൊത്തം വിപണിമൂല്യത്തില്‍ 130 ബില്യൺ യുഎസ് ഡോളറിന്റെ ഇടിവാണ് അദാനി ഗ്രൂപ്പിനുണ്ടായത്.