വിവാഹപ്രായം ഉയർത്തുന്നതിനെ എതിർക്കുന്നവർ 'താലിബാൻ' മനോഭാവമുള്ളവർ:കേന്ദ്രമന്ത്രി നഖ്വി
|ഇസ്ലാമിക രാജ്യങ്ങൾ അടക്കം നിരവധിയിടങ്ങളിൽ ഇത്തരത്തിൽ സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് മാറ്റംവരുത്തിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർക്കുന്നവർ താലിബാൻ മനോഭാവമുള്ളവരെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. വിവാഹപ്രായത്തെ എതിർക്കുന്നവർ യഥാർഥ ഹിന്ദുസ്ഥാനികളല്ലെന്നും അവർ താലിബാൻ മനോഭാവം വെച്ചു പുലർത്തുന്നവരാണെന്നും ഇന്ത്യയിലെ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് നേരെ താലിബാൻ മനോഭാവം സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തെ ചില ആളുകൾ എതിർക്കുന്നു എന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള ചിന്ത താലിബാൻ മനോഭാവമുള്ളവർക്കേ ഉണ്ടാകൂ, ഹിന്ദുസ്ഥാനികൾ ഇത്തരത്തിൽ ചിന്തിക്കില്ല. ഡൽഹിയിൽ നടന്ന ന്യൂനപക്ഷ അവകാശ ദിനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക രാജ്യങ്ങൾ അടക്കം നിരവധിയിടങ്ങളിൽ ഇത്തരത്തിൽ സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് മാറ്റംവരുത്തിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.