മുഖ്താർ അബ്ബാസ് നഖ്‌വി ബംഗാൾ ഗവർണറായേക്കും
|നേരത്തെ, നഖ്‌വിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു
കൊൽക്കത്ത: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി പശ്ചിമ ബംഗാൾ ഗവർണറായേക്കും. നിലവിലെ ഗവർണർ ജഗ്ദീപ് ധൻകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന സാഹചര്യത്തിലാണിത്. നേരത്തെ, നഖ്‌വിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന റിപ്പോർട്ടുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് ബിജെപി പാർലമെന്ററി യോഗം ധൻകറിനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിയുമായി നിരവധി വിഷയങ്ങളില്‍ ഇടഞ്ഞു നിൽക്കുന്ന ഗവർണറാണ് ധൻകർ.
ആഗസ്ത് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ഈ മാസം 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി 22. ലോക്‌സഭയിലെയും രാജ്യസഭയിലെയും 788 എംപിമാരാണു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്ത് പത്തിന് അവസാനിക്കും.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും കോൺഗ്രസിനു സ്വന്തം സ്ഥാനാർഥിയുണ്ടാകില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിലും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണയ്ക്കാനായിരുന്നു കോൺഗ്രസ് തീരുമാനം.