'നേതാജി അമരന്': മുലായം സിങ് യാദവിന് വിടചൊല്ലി നാട്
|പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ഉത്തർപ്രദേശിന്റെ നേതാജിക്ക് ജന്മനാട് വിട ചൊല്ലിയത്
അന്തരിച്ച ഉത്തർപ്രദേശ് മുന് മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിങ് യാദവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ജന്മനാടായ ഉത്തർപ്രദേശിലെ സൈഫൈയിൽ നടന്ന സംസ്കാര ചടങ്ങിൽ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ പങ്കെടുത്തു.
പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ഉത്തർപ്രദേശിന്റെ നേതാജിക്ക് ജന്മനാട് വിട ചൊല്ലിയത്. മുലായം സിങിന്റെ അന്ത്യയാത്രയ്ക്ക് പതിനായിരങ്ങളാണ് സമാധി സ്ഥലിൽ എത്തിയത്. നേതാജി അമരനായിരിക്കട്ടെ എന്ന മുദ്രാവാക്യം വിളികളോടെയാണ് സമാജ്വാദി പാർട്ടി പ്രവർത്തകർ സമാധി സ്ഥലിലേക്കുള്ള യാത്രയിൽ മുലായം സിങ് യാദവിനെ അനുഗമിച്ചത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ സൈഫൈയിലെ പൊതുദർശന വേദിയിൽ എത്തി മുലായം സിങ് യാദവിന് അന്തിമോപചാരം അർപ്പിച്ചു. ജയ ബച്ചൻ, അഭിഷേക് ബച്ചൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് , ലോക്സഭാ സ്പീക്കർ ഓം ബിർള, മല്ലികാർജുൻ ഖാർഗെ എന്നിവർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് കമൽനാഥ്, ഭൂപേഷ് ബാഗൽ എന്നിവരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. മകൻ അഖിലേഷ് യാദവ് ചിതയ്ക്ക് തീ കൊളുത്തി.
മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവ് ഇന്നലെ ആണ് ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിൽ വെച്ച് മരിച്ചത്. മുലായം സിങ്ങിന്റെ മരണത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ മൂന്ന് ദിവസത്തെയും ബിഹാർ സർക്കാർ ഒരു ദിവസത്തെയും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.