വീൽചെയർ കിട്ടിയില്ല; വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് നടന്നുപോയ 80 കാരൻ കുഴഞ്ഞ് വീണ് മരിച്ചു
|ന്യൂയോർക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് വൃദ്ധദമ്പതികൾ മുംബൈ വിമാനത്താവളത്തിലെത്തിയത്
മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ വീൽചെയർ കിട്ടാത്തതിനെത്തുടർന്ന് 80-കാരൻ കുഴഞ്ഞ് വീണ് മരിച്ചു. വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് നടക്കുന്നതിനിടെയാണ് മരണം. ന്യൂയോർക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് വൃദ്ധദമ്പതികൾ മുംബൈ വിമാനത്താവളത്തിലെത്തിയത്. ഇരുവരും വീൽചെയറിനായി നേരത്തെ ബുക്ക് ചെയ്തിരുന്നു.എന്നാൽ ഭാര്യക്ക് മാത്രമാണ് എയർപോർട്ടിൽ നിന്ന് വീൽചെയർ നൽകിയത്. തുടർന്ന് ഭാര്യയെ വീൽചെയറിലിരുത്തി ഭർത്താവ് ടെർമിനലിലേക്ക് നടന്നുപോകുകയായിരുന്നു.ഏകദേശം 1.5 കിലോമീറ്റർ നടന്നതിന് പിന്നാലെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു.
യാത്രക്കാരന്റെ ഭാര്യക്ക് വീൽചെയർ നൽകിയിരുന്നെന്നും മറ്റൊന്ന് ക്രമീകരിക്കുന്നതുവരെ കാത്തിരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടതായും എയർ ഇന്ത്യ എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. വീൽചെയറിന് അന്ന് ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. അതുകൊണ്ടാണ് യാത്രക്കാരനോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഭാര്യയോടൊപ്പം ടെർമിനലിലേക്ക് നടക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നെന്നും കമ്പനി വ്യക്തമാക്കി.
കുഴഞ്ഞ് വീണ ഉടനെ വിമാനത്താവളത്തിലെ മെഡിക്കൽ സംഘം യാത്രക്കാരന് പ്രാഥമിക ശുശ്രൂഷ നൽകി. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.