ബുർഖ ധരിച്ചെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചു; കോളജിന് മുന്നിൽ രക്ഷിതാക്കളുടെ പ്രതിഷേധം
|ഡ്രസ് കോഡ് നടപ്പാക്കിയ കാര്യം രക്ഷിതാക്കളെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നാണ് കോളജ് അധികൃതർ പറയുന്നത്
മുംബൈ: ബുർഖ ധരിച്ചെത്തിയ വിദ്യാർഥിനികളെ കോളജിൽ കയറ്റിയില്ലെന്ന് പരാതി. മുംബൈ എൻ.ജി ആചാര്യ ആന്റ് ഡി.കെ മറാട്ടെ കോളജിലാണ് വിദ്യാർഥികളെ കയറ്റിയില്ലെന്ന ആരോപണം ഉയർന്നത്. ഇതിന് പിന്നാലെ വിദ്യാർഥികളുടെ രക്ഷിതാക്കളടക്കം കോളജ് ഗേറ്റിന് മുന്നിൽ പ്രതിഷേധം പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷിതാക്കളുമായും കോളേജ് അധികൃതരുമായും വിഷയം ചർച്ച ചെയ്താണ് പ്രതിഷേധം അവസാനിപ്പിച്ചത്. കോളജ് ഈ വർഷം മുതൽ യൂണിഫോം ഡ്രസ് കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ മുൻകൂട്ടി രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നുമാണ് കോളജ് അധികൃതർ പറയുന്നത്.
ബുർഖ,ഹിജാബ്, ദുപ്പട്ട,തൊപ്പികൾ,ടൈ,സ്റ്റിക്കറുകൾ എന്നിവ അനുവദിക്കില്ലെന്ന് രക്ഷിതാക്കളെ അറിയിച്ചിരുന്നെന്ന് പ്രിൻസിപ്പൽ വിദ്യാഗൗരി ലൈല പറഞ്ഞു. രക്ഷിതാക്കൾ ഈ ഡ്രസ് കോഡ് അംഗീകരിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ പ്രതിഷേധിക്കുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
രക്ഷിതാക്കളും കോളജ് അധികൃതരും നടത്തിയ ചർച്ചയിൽ വിദ്യാർഥികൾക്ക് കോളജിലേക്ക് വരുമ്പോഴോ പോകുമ്പോഴോ ബുർഖയോ ഹിജാബോ ധരിക്കാമെന്നും എന്നാൽ ക്ലാസ് മുറിയിൽ ഇവ ധരിക്കരുതെന്നും ധാരണയായി. ഇത് സംബന്ധിച്ച് കോളജ് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടികളുടെ സുരക്ഷയും അന്തസ്സും കണക്കിലെടുത്ത് ബുർഖ, ഹിജാബ്, സ്‌കാർഫ് എന്നിവ ധരിച്ച് കോളേജിൽ വരാൻ അനുവദിക്കുമെന്ന് കോളേജ് പ്രസ്താവനയിൽ അറിയിച്ചു.
കർണാടകയിലെ കോളേജുകളിൽ സമാനമായ രീതിയിൽ ഹിജാബ് നിരോധിച്ചത് കഴിഞ്ഞ വർഷം വലിയ വിവാദമാണ് സൃഷ്ടിച്ചത്. പിന്നീട് വിഷയം സുപ്രിംകോടതിയിലെത്തുകയും ചെയ്തിരുന്നു.