ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ്; ഷാരൂഖ് ഖാന്റെ ഡ്രൈവർ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി
|ആര്യൻ ഖാനെയും കൂട്ടുകാരെയും ഗോവയിൽ നിന്നു മുംബൈയിലേക്ക് കൊണ്ടുപോയത് ഡ്രൈവർ രാജേഷ് മിശ്രയായിരുന്നു
ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ഷാരൂഖ് ഖാന്റെ ഡ്രൈവർ അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴി നൽകി. എൻസിബിക്ക് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഡ്രൈവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
ആര്യൻ ഖാനെയും കൂട്ടുകാരെയും ഗോവയിൽ നിന്നു മുംബൈയിലേക്ക് കൊണ്ടുപോയത് ഡ്രൈവർ രാജേഷ് മിശ്രയായിരുന്നു. അദ്ദേഹത്തിൽ നിന്ന് അന്നത്തെ യാത്രാ വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞിട്ടുണ്ട്.
കേസില്‍ ആര്യൻ ഖാന് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആര്യൻ ഉള്‍പ്പെടെ ആറു പേരെ ആർതർ റോഡ് ജയിലിലേക്കും രണ്ടു സ്ത്രീകളെ ബൈഖുള ജയിലിലേക്കുമാണ് മാറ്റിയത്. ലഹരി കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ആര്യൻഖാൻ വീണ്ടും ജാമ്യാപേക്ഷ നൽകും. അതേസമയം കേസിൽ ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിയുടെ വസതിയിലും ഓഫീസിലും റെയ്‌ഡ് നടത്തിയിരുന്നു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് റെയ്‌ഡ് നടത്തിയത്.
ആര്യൻ ഖാൻ അറസ്റ്റിലായതിനു പിന്നാലെ ഷാരൂഖ് ഖാൻ അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേഷണം താൽക്കാലികമായി ബൈജൂസ് ലേണിങ് ആപ്പ് നിർത്തിവെച്ചു. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതോടെയാണ് പരസ്യങ്ങൾ പിൻവലിച്ചതെന്നാണ് റിപ്പോർട്ട്. ബൈജൂസ് ആപ്പിൻറെ കേരളത്തിനു പുറത്തുള്ള ബ്രാൻഡ് അംബാസഡറാണ് ഷാരൂഖ് ഖാൻ. 2017 മുതലാണ് ഷാരൂഖ് ബൈജൂസിൻറെ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുത്തത്. പ്രതിവർഷം 3-4 കോടിയാണ് ഷാരൂഖിന് എജുക്കേഷനൽ ടെക് കമ്പനി നൽകുന്നത്. നടന്റെ ഏറ്റവും വലിയ പരസ്യ സ്‌പോൺസർഷിപ്പുകളിലൊന്നാണിത്. വിഷയത്തിൽ ബൈജൂസ് ആപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.