India
മുംബൈയിൽ ആഡംബരക്കപ്പലിൽ ലഹരിപ്പാർട്ടി; ബോളിവുഡ് മെഗാ സ്റ്റാറിന്‍റെ മകൻ അടക്കം കസ്റ്റഡിയിൽ
India

മുംബൈയിൽ ആഡംബരക്കപ്പലിൽ ലഹരിപ്പാർട്ടി; ബോളിവുഡ് മെഗാ സ്റ്റാറിന്‍റെ മകൻ അടക്കം കസ്റ്റഡിയിൽ

Web Desk
|
3 Oct 2021 3:27 AM GMT

മുംബൈയിൽ നിന്ന് പുറപ്പെട്ട കോർഡേലിയ ക്രൂയിസ് റെയ്ഡ് ചെയ്ത നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സംഘം കൊക്കെയ്ൻ, ഹാഷിഷ്, എംഡി തുടങ്ങിയ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു

മുംബൈ തീരത്തെ ആഡംബര കപ്പലിൽ ഇന്നലെ നടന്ന ലഹരിമരുന്ന് വേട്ടയില്‍ പ്രശസ്ത ബോളിവുഡ് സൂപ്പർതാരത്തിന്‍റെ മകന്‍ കസ്റ്റഡിയിൽ. മുംബൈയിൽ നിന്ന് പുറപ്പെട്ട കോർഡേലിയ ക്രൂയിസില്‍ നടന്ന ലഹരിപ്പാർട്ടിയ്ക്കിടെ റെയ്ഡ് നടത്തിയ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) സംഘം കൊക്കെയ്ൻ, ഹാഷിഷ്, എംഡി തുടങ്ങിയ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. നടന്‍റെ മകൻ മയക്കുമരുന്ന് കൈവശം വെച്ചിരുന്നതായി ഉന്നത വൃത്തങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ ബോളിവുഡ് നടനും രണ്ട് അഭിനേതാക്കളുടെ മക്കളും ഉൾപ്പെടെ 10 പേരെ തടഞ്ഞുവച്ചിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഏജൻസിയുടെ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു. മുംബൈ തീരത്തു നിന്നും ശനിയാഴ്ച ഗോവയിലേക്ക് പുറപ്പെട്ട കപ്പലിലാണ് റെയ്ഡ് നടത്തിയത്. ഒരു ലക്ഷം രൂപയാണ് കപ്പലിലെ പാര്‍ട്ടിയില്‍ പ്രവേശിക്കാനുള്ള നിരക്ക്.

സമീർ വാങ്കഡെക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹവും സംഘവും കപ്പലിൽ യാത്രക്കാരായി വേഷമിട്ട് കയറിയത്. കപ്പൽ മുംബൈ തീരം വിട്ടപ്പോള്‍ ലഹരിപ്പാർട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തത്.

കസ്റ്റഡിയിലുള്ള ബോളിവുഡ് സൂപ്പർസ്റ്റാറിന്‍റെ മകന്‍റെ പേര് എൻസിബി ഔദ്യോഗികമായി പുറത്തുവിടണമെന്നാവശ്യപ്പെട്ട് പലരും രംഗത്തെത്തിയിട്ടുണ്ട്.

നടൻ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് ശേഷം ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് എൻസിബി അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ സുശാന്ത് സിംഗിന്‍റെ സുഹൃത്തും നടിയുമായ റിയ ചക്രവർത്തി, സഹോദരൻ ഷോവിക്, സുശാന്തിന്‍റെ ചില ജീവനക്കാർ എന്നിവരെ കേന്ദ്ര ഏജൻസി, നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ (എൻഡിപിഎസ്) നിയമത്തിന്‍റെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. റിയ ചക്രവർത്തിയും മറ്റ് ചില പ്രതികളും നിലവിൽ ജാമ്യത്തിലാണ്.

Related Tags :
Similar Posts