India
Mumbai GST official absconds with Rs 25 lakh bribe money, CBI on the hunt
India

25 ലക്ഷം കൈക്കൂലിപ്പണവുമായി ജി.എസ്.ടി ഉദ്യോ​ഗസ്ഥൻ മുങ്ങി; കേസെടുത്ത് തിരച്ചിലുമായി സി.ബി.ഐ

Web Desk
|
5 May 2023 12:49 PM GMT

ആറേഴു മണിക്കൂർ കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെടുകയും ചെയ്തതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

മുംബൈ: കൈക്കൂലിയായി കൊണ്ടുവന്ന 25 ലക്ഷം തട്ടിയെടുത്ത് ജി.എസ്.ടി വകുപ്പ് ഉദ്യോ​ഗസ്ഥനും സംഘവും മുങ്ങി. സെൻട്രൽ‍ ജി.എസ്.ടി ആന്റി എവിക്ഷൻ വിങ് സൂപ്രണ്ടായ ധീരേന്ദ്രകുമാറാണ് മുങ്ങിയതെന്ന് സി.ബി.ഐ അറിയിച്ചു. സംഭവത്തിൽ ഇയാൾക്കും മറ്റ് രണ്ടു സഹായികൾക്കുമെതിരെ സി.ബി.ഐ അഴിമതി വിരുദ്ധ വിഭാഗം കേസെടുത്തു.

മുംബൈയിൽ നിന്നും കസ്റ്റഡിയിലെടുത്ത ഒരു സ്വർണവ്യാപാരിയിൽ നിന്നാണ് ധീരേന്ദ്രകുമാർ കൈക്കൂലി വാങ്ങിയത്. അമൃതലാൽ ശംഖല, ബാബൻ എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ. മൂന്ന് പ്രതികൾക്കുമായി സി.ബി.ഐ തിരച്ചിൽ നടത്തുകയാണ്. 15 ദിവസം മുമ്പ് ആരംഭിച്ച സി.ബി.ഐ അന്വേഷണത്തിൽ ഇതുവരെയും പ്രതികളെ പിടികൂടാനായില്ല.

കേന്ദ്ര ജി.എസ്.ടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത തന്റെ സുഹൃത്ത് അർപിത് ജഗേതിയയ്ക്ക് വേണ്ടി വ്യവസായി ജിതേന്ദ്ര ലുനാവത് ഏപ്രിൽ 20ന് സമർപ്പിച്ച എഫ്ഐആറുമായി ബന്ധപ്പെട്ടാണ് കേസ്. അന്വേഷണത്തിനിടെ, ധീരേന്ദ്ര കുമാർ ജഗേതിയയിൽ നിന്ന് ധീരേന്ദ്രകുമാർ ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. ആറേഴു മണിക്കൂർ കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെടുകയും ചെയ്തതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

പരാതിക്കാരൻ ആരോപിക്കുന്നതനുസരിച്ച്, ഏപ്രിൽ 20ന് കൽബാ ദേവി ഏരിയയിലെ സറഫ ബസാറിൽ നിന്ന് ജഗേതിയയെ ധീരേന്ദ്ര കുമാർ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏഴു മണിക്കൂർ വരെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ധീരേന്ദ്രകുമാർ ജഗേതിയയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കൈക്കൂലി ചോദിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു. ജയിൽ ഒഴിവാക്കണമെങ്കിൽ ഒരു കോടി രൂപ നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

രാത്രി എട്ട് മണിയോടെ ജ​ഗേതിയ തന്നെ വിളിക്കുകയും സംഭവിച്ച കാര്യങ്ങളെല്ലാം പറയുകയും ചെയ്തതായി ലുനാവത് പറഞ്ഞു. സുഹൃത്തിനെ സഹായിക്കാനായി ഇടപെട്ട ലുനാവത്, ഒരു കോടി രൂപ വളരെ കൂടതലാണെന്നും തുക കുറയ്ക്കണമെന്നും ജിഎസ്ടി സംഘത്തോട് ആവശ്യപ്പെട്ടു. ഏറെ നേരത്തെ സംസാരത്തിനൊടുവിൽ കൈക്കൂലി 25 ലക്ഷമാക്കി കുറയ്ക്കുകയായിരുന്നു. ഇതിന്റെ മുഴുവൻ ഫോൺ കോളും ലുനാവത് റെക്കോർഡ് ചെയ്‌തു. അത് പിന്നീട് തന്റെ പരാതിക്ക് തെളിവായി ഉപയോഗിക്കുകയും ചെയ്തു.

ധീരേന്ദ്ര കുമാർ ആവശ്യപ്പെട്ടതനുസരിച്ച് അതേ ദിവസം തന്നെ സുഹൃത്തിനെ മോചിപ്പിക്കാൻ 25 ലക്ഷം രൂപയുമായി ലുനാവത് ചർച്ച്ഗേറ്റിലെ സെൻട്രൽ ജി.എസ്.ടി ഓഫീസിലെത്തി. എന്നാൽ, ജി.എസ്.ടി ഓഫീസിൽ കയറുന്നതിന് മുമ്പ് ബൈക്കിലെത്തിയ ഒരാൾ ലുനാവത്തിന്റെ കൈയിൽ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ അജ്ഞാത ബൈക്ക് യാത്രികൻ അമൃത്‌ലാൽ ശംഖലയാണെന്ന് സി.ബി.ഐ തിരിച്ചറിഞ്ഞു.

ആന്റോപ് ഹില്ലിൽ ഒരു ജ്വല്ലറി നടത്തുന്ന ശംഖല ധീരേന്ദ്രകുമാറിന്റെ അടുത്ത സഹായിയാണെന്നും സി.ബി.ഐ കണ്ടെത്തി. ധീരേന്ദ്ര കുമാറിനൊപ്പം ഇയാളുടെ കടയിൽ ജോലി ചെയ്തിരുന്ന ബാബൻ എന്നയാളും ഇവരോടൊപ്പം ഒളിവിൽ പോവുകയായിരുന്നു. കേസിലെ മൂന്ന് പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിലാണ് സി.ബി.ഐ ഇപ്പോൾ.

അന്വേഷണത്തിന്റെ ഭാ​ഗമായി ധീരേന്ദ്ര കുമാർ താമസിക്കുന്ന കെട്ടിടത്തിലെ രണ്ട് ജി.എസ്.ടി ഉദ്യോ​ഗസ്ഥരുടെ വീടുകൾ സി.ബി.ഐ റെയ്ഡ് ചെയ്തു. സംഘം വീട്ടിലെത്തിയപ്പോൾ ഇവരിൽ ഒരാളായ ബ്രിജേഷ് സിങ് ഓടിരക്ഷപെടാൻ ശ്രമിച്ചു. സി.ബി.ഐ ഉദ്യോ​ഗസ്ഥരുടെ ഉപദ്രവത്തിൽ നിന്ന് രക്ഷനേടാനാണ് താൻ ഓടി രക്ഷപെട്ടതെന്നായിരുന്നു ഇയാളുടെ വാദം. 15 ദിവസത്തോളമായി തുടരുന്ന അന്വേഷണം രണ്ട് കേന്ദ്ര ഏജൻസികൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയിട്ടുണ്ട്.

Similar Posts