രാഷ്ട്രീയക്കാരും ആരോഗ്യപ്രവര്‍ത്തകരും രഹസ്യമായി മൂന്നാം ഡോസ് വാക്സിന് സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്
|പല വിദേശ രാജ്യങ്ങളും പൗരന്മാര്ക്ക് മൂന്നാം ഡോസ് വാക്സിന് നല്കാന് നീക്കം തുടങ്ങിയിരുന്നു
മുംബൈയില്‍ രാഷ്ട്രീയക്കാരും ആരോഗ്യപ്രവര്‍ത്തകരും രഹസ്യമായി മൂന്നാം ഡോസ് കോവിഡ് വാക്സിന് സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ചിലര്‍ കോ-വിന് സെറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെയും മറ്റു ചിലര്‍ വ്യത്യസ്ത നമ്പറുകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തുമാണ് വാക്സിന് സ്വീകരിക്കുന്നതെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പല വിദേശ രാജ്യങ്ങളും പൗരന്മാര്ക്ക് മൂന്നാം ഡോസ് വാക്സിന് നല്കാന് നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ മൂന്നാം ഡോസ് നല്കുന്ന കാര്യത്തെ കുറിച്ച് പെട്ടെന്ന് തീരുമാനം ഉണ്ടായേക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പലരും ശരീരത്തിലെ ആന്റിബോഡി നില പരിശോധിച്ചതിന് ശേഷം മൂന്നാം ഡോസ് വാക്സിന് സ്വീകരിക്കുന്നത്.
മൂന്നാം ഡോസ് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ പലയിടത്തും ആദ്യ ഡോസ് വാക്സിന് വരെ ലഭിക്കാത്തവരുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മൂന്നാം ഡോസ് നല്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
അതേസമയം, ഭുവനേശ്വറിലെ ഒരു ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരില്‍ ആന്റിബോഡി നാലുമാസം വരെ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ബൂസ്റ്റര്‍ ഡോസ് ഉടനെ ലഭ്യമാകണമെന്നായിരുന്നു പഠന റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം.