മറ്റൊരു പ്രണയമെന്ന് സംശയം; ബാങ്ക് മാനേജരായ കാമുകിയെ കൊലപ്പെടുത്തി യുവാവ്
|കാമുകിയുടെ ജന്മദിനം പുറത്തുപോയി ആഘോഷിച്ച് ഹോട്ടലില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു കൊലപാതകം
മുംബൈ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാമുകിയെ നവി മുംബൈയിലെ ഹോട്ടലില്‍ വച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 24കാരനായ ഷുഹൈബ് ശൈഖാണ് പൊലീസിന്റെ പിടിയിലായത്. ഒരു കുട്ടിയുടെ അമ്മയായ അമ്രിത് കൗർ എന്ന 35കാരിയുമായി മൂന്നു മാസമായി പ്രണയത്തിലായിരുന്നു ഷുഹൈബ്. ജുയി നഗറിൽ സ്വകാര്യ ബാങ്കിലെ മാനേജറാണ് കൗർ. കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം.
അമ്രിത് കൗറിന്റെ ജന്മദിനമായ ജനുവരി എട്ടിന് രാത്രി പുറത്തുപോയി ആഘോഷിച്ച് തിരിച്ചെത്തിയ ശേഷമാണ് പ്രതി കൃത്യം നടത്തിയത്. ഇതേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; 'ലോഡ്ജിലെ മുറി ബുക്ക് ചെയ്യാൻ ഇരുവരും വെവ്വേറെ തിരിച്ചറിയൽ കാർഡാണ് ഉപയോഗിച്ചിരുന്നത്. ജനുവരി എട്ടിന് അർധരാത്രി ശൈഖ് മുറി വിടുന്നത് ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചു. സംശയകരമായ രീതിയിൽ ഒന്നും ഉണ്ടായിരുന്നില്ല. പൊലീസ് മുറി തുറന്നപ്പോൾ മാത്രമാണ് കൗറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.'
ലോഡ് വിട്ട ഷുഹൈബ് സാകി നകയിലെ വീട്ടിലേക്കാണ് തിരിച്ചുപോയത്. അവിടെയുള്ള ഒരാളാണ് ശൈഖിനെ കുറിച്ച് പൊലീസിനെ അറിയിച്ചത്. ഉടൻ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെത്തു. ചോദ്യം ചെയ്യലിനിടെ കാമുകിയെ കൊന്നത് താൻ തന്നെയാണ് എന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. മൃതദേഹം കണ്ടെടുത്ത ശേഷം ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ജി.ടി.ബി നഗറിൽ അമ്മയ്ക്കൊപ്പമായിരുന്നു കൗറിന്റെ താമസം. ഇവരുടെ കൗമാരക്കാരിയായ മകൾ മുൻ ഭർത്താവിനൊപ്പമാണുള്ളത്.
Summary: Mumbai man kills banker girlfriend in Navi Mumbai hotel room over suspected affair