ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അഭിഭാഷകൻ അറസ്റ്റിൽ
|റായ്പൂരിൽ നിന്നുള്ള ഫൈസാൻ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
മുംബൈ: ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഛത്തീസ്ഗഡിലെ അഭിഭാഷകനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഷാരൂഖ് ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും താരത്തിൽ നിന്ന് 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തതിനാണ് റായ്പൂരിൽ നിന്നുള്ള അഭിഭാഷകനായ ഫൈസാൻ ഖാനെ (42) പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് ഷാരൂഖ് ഖാനെതിരെ 'ഹിന്ദുസ്ഥാനി' എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാളുടെ ഭീഷണി കോൾ വന്നത്. താൻ ബാന്ദ്രയിലെ ഷാരൂഖിൻ്റെ വീടായ മന്നത്തിന് പുറത്ത് നിൽക്കുകയാണെന്നും 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ താരത്തിനെ കൊല്ലുമെന്നുമായിരുന്നു പൊലീസിനോട് പറഞ്ഞത്.
ഫൈസാൻ ഖാൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നാണ് കോൾ വന്നതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. തുടർന്ന് മുംബൈ പൊലീസ് ഫൈസാനെ വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹം ഹാജരായില്ല. തൻ്റെ ഫോൺ മോഷണം പോയെന്നും, ഒരാൾ മുംബൈ പൊലീസിനെ വിളിച്ച് തന്നെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൈസാൻ ഖാൻ പൊലീസിനോട് പറഞ്ഞിരുന്നു. ഫോൺ മോഷണം പോയെന്ന് കാണിച്ച് അദ്ദേഹം ലോക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.
1994ൽ പുറത്തിറങ്ങിയ അഞ്ജാം എന്ന സിനിമയിൽ മാനിനെ വേട്ടയാടുന്നതിനെ പരാമർശിച്ച് ഷാരൂഖ് ഖാനെതിരെ ഫൈസാൻ മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. ഷാരൂഖ് ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നിലെ പ്രതിയുടെ ഉദ്ദേശ്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തെ തുടർന്ന് ഷാരൂഖ് ഖാൻ്റെ വീടിന് പുറത്ത് സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.