സൽമാൻ ഖാനെതിരെ വധഭീഷണി സന്ദേശമയച്ച 21കാരൻ അറസ്റ്റിൽ
|ആയുധ നിയമപ്രകാരമുള്ള മറ്റൊരു കേസിൽ ജാമ്യത്തിലാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധഭീഷണി സന്ദേശമയച്ച യുവാവ് പിടിയിൽ. ഇ-മെയിലായി വധഭീഷണി സന്ദേശമയച്ച 21കാരനെ മുംബൈ പൊലീസാണ് പിടികൂടിയത്. രാജസ്ഥാൻ ജോധ്പൂരിലെ ലുനി പൊലീസ് സ്റ്റേഷനു കീഴിലുള്ള രോഹിച്ച കലൻ ഗ്രാമത്തിലെ സിയാഗോൺ കി ധനിയിൽ താമസക്കുന്ന ധക്കാട് രാം ബിഷ്‌ണോയ് (21) ആണ് അറസ്റ്റിലായത്.
ആയുധ നിയമപ്രകാരമുള്ള മറ്റൊരു കേസിൽ ജാമ്യത്തിലാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. മുംബൈയിലെ ബാന്ദ്ര പൊലീസാണ് പ്രതിയെ ജോധ്പൂരിലെത്തി പിടികൂടിയത്. തുടർന്ന് ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോയി.
ഞായറാഴ്ച ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്യാൻ മുംബൈ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം എത്തിയതായി ജോധ്പൂർ ഡിസിപി (വെസ്റ്റ്) ഗൗരവ് യാദവ് പറഞ്ഞു. 'ബിഷ്‌ണോയിയെ കസ്റ്റഡിയിലെടുക്കാൻ സഹായിക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങൾ അവർക്ക് പിന്തുണ നൽകുകയും ബിഷ്‌ണോയിയെ മുംബൈ പൊലീസിന് കൈമാറുകയും ചെയ്തു'- അദ്ദേഹം പറഞ്ഞു.
'പഞ്ചാബ് ഗായകനായ സിദ്ധു മൂസെവാലയുടെ ഗതി വരും' എന്നായിരുന്നു ഭീഷണി. സൽമാൻ ഖാന്റെ ബാന്ദ്ര ആസ്ഥാനമായുള്ള വസതി പതിവായി സന്ദർശിക്കുകയും ഒരു ആർട്ടിസ്റ്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയും ചെയ്യുന്ന പ്രശാന്ത് ഗുഞ്ചാൽക്കറാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ഭീഷണി ഇ-മെയിലിനെക്കുറിച്ച് പരാതി നൽകിയത്.
അടുത്തിടെ, ഗാലക്‌സി അപ്പാർട്ട്‌മെന്റിലെ ഖാന്റെ ഓഫീസിൽ എത്തിയ ഇദ്ദേഹം, രോഹിത് ഗാർഗ് എന്ന ഐഡിയിൽ നിന്ന് ഒരു ഇ-മെയിൽ വന്നത് കാണുകയും തുടർന്ന് പരാതി നൽകുകയുമായിരുന്നു. പിന്നാലെ നടത്തിയ വിശദമായ സാങ്കേതിക പരിശോധനയിൽ ഭീഷണി സന്ദേശമയച്ചയാളെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് ഒരു സംഘം പൊലീസുകാർ രാജസ്ഥാനിലേക്ക് പുറപ്പെടുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് മുംബൈ പൊലീസ് ഗുണ്ടാനേതാക്കളായ ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഐപിസി 120-ബി (ക്രിമിനൽ ഗൂഢാലോചന), 506-II (ഭീഷണിപ്പെടുത്തൽ), 34 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെയും താരത്തിന് വധഭീഷണി ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു സൽമാനും പിതാവ് സലിം ഖാനും വധഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. ഇതിന് പിന്നാലെ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സൽമാന് എക്‌സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഏറ്റവുമൊടുവിലെ ഭീഷണിയെത്തുടർന്ന് സൽമാൻ ഖാന്റെ ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് സുരക്ഷക്കായി പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. പഞ്ചാബിലെ ബതിന്ദ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയി സൽമാൻ ഖാനെ വധിക്കുകയാണ് ജീവിത ലക്ഷ്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പഞ്ചാബി പോപ്പ് ഗായകന്‍ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് ലോറന്‍സ് ബിഷ്ണോയി.