India
Mumbai Police has filed a chargesheet against cricket bookie Anil Jaisingani, his daughter Aniksha and cousin Nirmal in the case of offering a Rs 10 crore bribe to Maharashtra Deputy Chief Minister Devendra Fadnavis wife Amrita Fadnavis to escape a criminal case.
India

'എന്നെ വിവാഹമോചനം ചെയ്‌തേക്കും, പക്ഷേ നിങ്ങൾക്ക് നീതി വാങ്ങിത്തരും'; വാതുവെപ്പുകാരനെ കുടുക്കിയത് ഫഡ്‌നവിസിന്റെ ഭാര്യയുടെ ചാറ്റ്

Web Desk
|
6 Jun 2023 2:17 PM GMT

15 കേസുകളിൽ പ്രതിയായ അനിൽ കഴിഞ്ഞ മാർച്ചിലാണ് അറസ്റ്റിലായത്

മുംബൈ: ക്രിമിനൽ കേസിൽനിന്ന് രക്ഷപ്പെടാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത ഫഡ്നവിസിന് പത്ത് കോടി കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ വാതുവെപ്പുകാരനും മകളുമടക്കം മൂന്നുപേരെ പ്രതിയാക്കി മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് വാതുവെപ്പുകാരനായ അനിൽ ജയ്‌സിംഗാനി, മകൾ അനിക്ഷ, ബന്ധുവായ നിർമൽ എന്നിവരെയാണ് പൊലീസ് പ്രതികളായി കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. 733 പേജുള്ള കുറ്റപത്രത്തിൽ അമൃതയുടെ ചാറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ കേസിന് മുമ്പേ 15 കേസുകളിൽ പ്രതിയായ അനിൽ കഴിഞ്ഞ മാർച്ചിലാണ് അറസ്റ്റിലായത്. ഇയാൾ എട്ട് വർഷത്തോളം ഒളിവിലായിരുന്നു. വിവിധ സംവിധാനങ്ങൾ ഉപയോഗിച്ച് മുങ്ങിനടന്നിരുന്ന ഇയാളെ അമൃത ഫഡ്‌നവിസ് നടത്തിയ ചാറ്റിംഗിലൂടെയാണ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ അനിലുമായി ചാറ്റ് ചെയ്യാറുള്ള അമൃത ഫെബ്രുവരി 24ന് പൊലീസ് നിർദേശപ്രകാരം അത് തുടരുകയായിരുന്നു. 'ഫോണിൽ സംസാരിക്കുന്നതിന് പകരം സാഗർ ബംഗ്ലാവല്ലാത്ത വേറെയെവിടെയെങ്കിലും ഞാൻ അനിക്ഷയുമായി കണ്ടുമുട്ടും. കേസ് ഞാൻ ദേവേന്ദ്രജിയെ ധരിപ്പിക്കും. 26ന് ശേഷമായിരിക്കും അവളെ ഞാൻ കാണുക. 26 പൂനെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ദേവേന്ദ്രജി തിരക്കിലാണ്.' അമൃത അനിലിനോട് പറഞ്ഞു.

'2019 മുതൽ ഞങ്ങൾ നല്ല ബന്ധത്തിലല്ലാത്തതിനാൽ ഈ കേസിന് ശേഷം അദ്ദേഹം എന്നെ വിവാഹമോചനം ചെയ്‌തേക്കും. പക്ഷേ നിങ്ങൾ ഇരകളായെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടാൽ നിങ്ങൾക്ക് നൂറു ശതമാനം നീതി വാങ്ങിത്തരും' അമൃത പറഞ്ഞു. ഫെബ്രുവരി 20നാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മൂന്നുപേരും അറസ്റ്റിലാകുകയായിരുന്നു. അനിക്ഷയും നിർമലും നിലവിൽ ജാമ്യത്തിലാണുള്ളത്. എന്നാൽ അനിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

അനിൽ ജയ്സിംഗാനിയുടെ മകൾ അനിക്ഷ ജയ്സിംഗാനിയെ ഇക്കഴിഞ്ഞ മാർച്ചിലാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസിയുടെ അഴിമതി തടയൽ നിയമപ്രകാരമാണ് നടപടി. ഡിസൈനറായി അമൃത ഫഡ്നാവിസിനെ സമീപിച്ച ഇവർ ഒരു കോടി വാഗ്ദാനം ചെയ്യുകയായിരുന്നു. അമൃത ഫഡ്നാവിസ് കേസ് കൊടുത്തതോടെയാണ് ഇവർക്കെതിരെ നിയമനടപടിയുണ്ടായത്.

നിയമവിദ്യാർഥിയായ അനിക്ഷ താനെ ജില്ലയിലെ ഉൽഹാസ് നഗറിലാണ് താമസിക്കുന്നത്. പിതാവായ അനിലിനെതിരെ വാതുവെപ്പ്, ഭീഷണിപ്പെടുത്തൽ, വഞ്ചന, സർക്കാർ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മഹാരാഷ്ട്ര, ഗോവ, അസം എന്നിവിടങ്ങളിൽ നിരവധി കേസുകളുണ്ട്. ഇതിനെ തുടർന്നാണ് അനിക്ഷ പിതാവിനെ രക്ഷിക്കാൻ രംഗത്തിറങ്ങിയത്.

2009ൽ മുംബൈ ക്രൈംബ്രാഞ്ച് മുൻ ഡിസിപി അമർ ജാദവിനെതിരെ ഉയർന്ന കേസിലാണ് ജയ്സിംഗാനിയുടെ പേര് പുറത്തുവന്നത്. കിക്കറ്റ് മത്സരങ്ങളിൽ വാതുവെപ്പ് നടത്താൻ നിർബന്ധിച്ച് വാതുവെപ്പുകാരനായ അനിലിന്റെ ഭാര്യയെയും മക്കളെയും ബന്ദിയാക്കിയെന്നായിരുന്നു കേസ്. ഇതിനെ തുടർന്ന് ജാദവിനെ ആറ് വർഷത്തേക്ക് അവധിയിൽ പ്രവേശിപ്പിക്കുകയും ശേഷം വിആർഎസ് എടുത്ത് പൊലീസ് സേനയിൽ നിന്ന് പറഞ്ഞയക്കുകയും ചെയ്യുകയായിരുന്നു.

Mumbai Police has filed a chargesheet against cricket bookie Anil Jaisingani, his daughter Aniksha and cousin Nirmal in the case of offering a Rs 10 crore bribe to Maharashtra Deputy Chief Minister Devendra Fadnavis' wife Amrita Fadnavis to escape a criminal case.

Similar Posts