ഇരയെ വിവാഹം കഴിക്കണം; ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
|നിലവില്‍ എവിടെയാണെന്ന് അറിയാത്ത യുവതിയെ കണ്ടുകിട്ടുകയാണെങ്കില്‍ വിവാഹം കഴിക്കണമെന്നാണ് ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെയുടെ നിര്‍ദേശം
മുംബൈ: വിചിത്രമായ വ്യവസ്ഥപ്രകാരം ബലാത്സംഗക്കേസില്‍ പ്രതിയായ 26കാരന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിലവില്‍ എവിടെയാണെന്ന് അറിയാത്ത യുവതിയെ കണ്ടുകിട്ടുകയാണെങ്കില്‍ വിവാഹം കഴിക്കണമെന്നാണ് ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെയുടെ നിര്‍ദേശം.
ഒരു വര്‍ഷത്തിനകം പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ പ്രതി അവളെ വിവാഹം കഴിക്കണം. ഒരു വര്‍ഷത്തേക്കു മാത്രമേ ഈ വ്യവസ്ഥയുള്ളൂവെന്നും കോടതി വ്യക്തമാക്കി. പ്രതിയും 22 കാരിയായ യുവതിയും ഉഭയ സമ്മതപ്രകാരമുള്ള ബന്ധത്തിലായിരുന്നുവെങ്കിലും ഗർഭിണിയാണെന്നറിഞ്ഞ് യുവാവ് അവളെ ഒഴിവാക്കാൻ തുടങ്ങിയതുകൊണ്ട് ബലാത്സംഗത്തിനും വഞ്ചനയ്ക്കും കേസെടുത്തതായി കോടതി പറഞ്ഞു.
പ്രതിയും പരാതിക്കാരിയും അയല്‍ക്കാരാണ്. ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നെന്നും വീട്ടുകാര്‍ക്ക് ഇത് അറിയാമായിരുന്നെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. വിവാഹം നടക്കുമെന്ന ഉറപ്പില്‍ ഇരുവരും തമ്മില്‍ ശാരീരികമായി ബന്ധപ്പെട്ടിരുന്നു. 2019 ഒക്‌ടോബറില്‍ താന്‍ ആറു മാസം ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി യുവാവിനെ അറിയിച്ചു. ആര്‍ത്തവം ക്രമമല്ലാത്തതിനാല്‍ ഇത് അറിയാന്‍ വൈകിയെന്നും അറിയിച്ചു. എന്നാല്‍ യുവാവ് വിവാഹത്തിനു തയാറായില്ല. തുടര്‍ന്നു ഗര്‍ഭിണിയാണെന്ന വിവരം രഹസ്യമാക്കി വച്ച് പെണ്‍കുട്ടി വീടുവിട്ടു. 2020 ജനുവരിയില്‍ പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കി. കുട്ടിയെ ഒരു കെട്ടിടത്തിനു മുന്നില്‍ ഉപേക്ഷിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ 2020 ഫെബ്രുവരിയിലാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവാവ് ഉടന്‍ തന്നെ അറസ്റ്റിലായി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും കുഞ്ഞിനെ സ്വീകരിക്കാമെന്നുമാണ് യുവാവ് കോടതിയെ അറിയിച്ചത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നും ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടി ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെങ്കിലും അവളെ സ്വീകരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി പറഞ്ഞു. എന്നാൽ യുവതിയെ കണ്ടെത്താനായിട്ടില്ലെന്നും ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ ആരോ ദത്തെടുത്തുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.