കൂട്ടുപ്രതികള്‍ക്കൊപ്പം സിഗരറ്റും വലിച്ച് ചായയും കുടിച്ചിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ; കൊലപാതക്കേസിലെ പ്രതി ദര്‍ശന് ജയിലില്‍ വിഐപി പരിഗണന
|പൂന്തോട്ടമെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ഥലത്ത് ചിരിച്ചുല്ലസിച്ചിരിക്കുന്ന ദര്‍ശനെയാണ് ചിത്രത്തില്‍ കാണുന്നത്
ബെംഗളൂരു: വനിതാസുഹൃത്തിനെ ശല്യം ചെയ്തതിന് ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പര്‍താരം ദര്‍ശന് ജയിലില്‍ വിഐപി പരിഗണന. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ദർശൻ കൂട്ടുപ്രതികള്‍ക്കൊപ്പം ജയില്‍ കോമ്പൗണ്ടിനുള്ളില്‍ ഇരിക്കുന്ന ചിത്രം വൈറലായിരിക്കുകയാണ്.
പൂന്തോട്ടമെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ഥലത്ത് ചിരിച്ചുല്ലസിച്ചിരിക്കുന്ന ദര്‍ശനെയാണ് ചിത്രത്തില്‍ കാണുന്നത്. താരത്തിന്‍റെ ഒരു കയ്യില്‍ സിഗരറ്റും മറുകയ്യില്‍ ചായക്കപ്പുമുണ്ട്. കേസില്‍ അറസ്റ്റിലായ മാനേജര്‍ നാഗരാജ്, ഗുണ്ടാനേതാവ് വില്‍സന്‍ ഗാര്‍ഡന്‍ ഗാഗ, കുള്ള സീന എന്നിവരാണ് ദര്‍ശനൊപ്പമുള്ളത്. ജയിൽ പരിസരത്ത് വെച്ചാണോ അതോ മറ്റെവിടെയെങ്കിലും വച്ചാണോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.അതേസമയം, ചിത്രത്തോട് പ്രതികരിച്ച് മരിച്ച രേണുകസ്വാമിയുടെ പിതാവ് കാശിനാഥ് എസ് ശിവനഗൗദ്രു സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. അതിനിടയില്‍ ദര്‍ശന്‍ മൊബൈല്‍ ഫോണിലൂടെ വീഡിയോ കോള്‍ ചെയ്യുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ജയിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
ദര്‍ശന്‍റെ കടുത്ത ആരാധകന്‍ കൂടിയായ രേണുക സ്വാമി പവിത്രക്ക് അശ്ലീല സന്ദേശമയച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ജൂണ്‍ 8നാണ് ഒരു ഫാര്‍മസി കമ്പനിയില്‍ ജോലി ചെയ്യുന്ന രേണുകയെ ചിത്രദുര്‍ഗയില്‍ നിന്നും തട്ടിക്കൊണ്ടുപോകുന്നത്. പിറ്റേന്ന് രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ കണ്ടെത്തുകയും ചെയ്തു. മരിക്കുന്നതിനു മുന്‍പ് രേണുക സ്വാമിക്ക് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വാമിയെ മരത്തടികൾ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകൾ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. രേണുകസ്വാമിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ കന്നഡ നടന്‍ ദര്‍ശനും നടി പവിത്രയുമടക്കം 17 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കിയിരുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി. ദര്‍ശന്‍ രണ്ടാംപ്രതിയാണ്.