കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകം; സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാരുടെ സമരം
|ഡൽഹി എയിംസിന് മുന്നിൽ ഇന്നലെ നടന്ന പ്രതിഷേധയോഗത്തിൽ നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു
തിരുവനന്തപുരം: കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിന്. പി.ജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും ഒ.പിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. ദേശീയ തലത്തില്‍ രൂപീകരിക്കപ്പെട്ട ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്.
സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പിലാക്കുക, ഡോക്ടറുടെ കൊലപാതകത്തിൽ കുറ്റവാളികളായവർക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടർമാർ ഉന്നയിക്കുന്നു. ഈമാസം 18 മുതല്‍ 31 വരെ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താനാണ് തീരുമാനം.
പി.ജി ഡോക്ടര്‍മാര്‍ക്കൊപ്പം തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരും സമരത്തിന്റെ ഭാഗമാകും. ഇതോടെ സര്‍ക്കാര്‍ ആശുപത്രുകളുടെ പ്രവര്‍ത്തനം ഭാഗീകമായെങ്കിലും പ്രതിസന്ധിയിലായേക്കും. കെ.ജി.എം.ഒ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനവും ആചരിക്കും.
യുവ ഡോക്ടറുടെ കൊലപാതകം രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടർമാരുടെ പ്രതിഷേധം തുടരുന്നു. മമതയുടെ ഭരണത്തിൽ ബംഗാളിൽ അക്രമങ്ങൾ വർധിക്കുന്നു എന്ന് ബി.ജെ.പി ആരോപിച്ചു. സമരം നടക്കുന്ന ആശുപത്രി അടിച്ചു തകർത്തതിന് പിന്നിൽ ബി.ജെ.പിയെന്ന് മുഖ്യമന്ത്രി മമതാ ബാനർജിയും തിരിച്ചടിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടർമാരുടെ സംഘടനകൾ ഇന്നും പ്രതിഷേധം തുടരും. നാളെ രാവിലെ ആറ് മണി മുതൽ 24 മണിക്കൂർ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഐ.എം.എ. ഡൽഹി എയിംസിന് മുന്നിൽ ഇന്നലെ നടന്ന പ്രതിഷേധ യോഗത്തിൽ നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു.
യുവ വനിതാ ഡോക്ടറുടെ ക്രൂരമായ കൊലപാതകത്തിന് പിന്നാലെ ബംഗാളിലെ ബി.ജെ.പി- തൃണമൂൽ രാഷ്ട്രീയ ആരോപണങ്ങളും ശക്തിപ്പെടുന്നു. സ്ത്രീകൾക്ക് ബംഗാളിൽ യാതൊരു സുരക്ഷിതത്വവും ഇല്ലെന്നും, അക്രമികളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ബി.ജെ.പി ആരോപിച്ചു. ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടും അവരുടെ മൗനം ഞെട്ടിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ബി.ജെ.പി അക്രമം അഴിച്ചുവിടുന്നത് എന്നാണ് ടി.എം.സിയുടെ ആരോപണം. സമരം നടക്കുന്ന ആശുപത്രിയിൽ കഴിഞ്ഞദിവസം ഉണ്ടായ അക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകരെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കുന്ന കേസിൽ ഇതുവരെ ഒരാളാണ് അറസ്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം സി.ബി. എസ് സംഘം ആർ.ജി കർ ആശുപത്രിയിലെ ഡോക്ടർമാരെയടക്കം ചോദ്യം ചെയ്തിരുന്നു.