India
Prateek Pandey

അറസ്റ്റിലായ പ്രതീക് പാണ്ഡെ

India

സംഗീതപരിപാടിക്കെത്തിയ മെക്സിക്കന്‍ ഡിജെയെ പീഡിപ്പിച്ചു; മ്യൂസിക് ഇവന്‍റ് കമ്പനിയുടമ അറസ്റ്റില്‍

Web Desk
|
1 Dec 2023 3:10 AM GMT

പ്രതീക് യുവതിയെ ബലാത്സംഗം ചെയ്യുകയും അശ്ലീല ഫോട്ടോകളും ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയച്ചതായും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു

മുംബൈ: മെക്സിക്കോയിൽ നിന്നുള്ള വനിതാ ഡിജെയെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തതിന് മ്യൂസിക് ഇവന്‍റ് കമ്പനിയുടമ അറസ്റ്റില്‍. 36കാരനായ പ്രതീക് പാണ്ഡെയാണ് അറസ്റ്റിലായത്.

സംഗീത,നൃത്ത പരിപാടികള്‍ സംഘടിപ്പിക്കുന്ന സ്ലിക്ക് എന്റർടെയ്ൻമെന്‍റിന്‍റെ സ്ഥാപകനും ഡയറക്ടറുമായ പാണ്ഡെ, കൊൽക്കത്ത, ബെംഗളൂരു, ഇൻഡോർ എന്നിവിടങ്ങളിലും ടുമാറോലാൻഡിലെ അന്താരാഷ്ട്ര സംഗീതോത്സവത്തിലും വച്ച് 31കാരിയായ യുവതിയെ ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. മെക്‌സിക്കോയിലെ ടബാസ്‌കോ സ്വദേശിയാണ് യുവതി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും മെക്‌സിക്കൻ യുവതിയുടെ പുരുഷ സുഹൃത്തിനെതിരെ വധഭീഷണി മുഴക്കിയിരുന്നെന്നും അഭിഭാഷകൻ അർബാസ് പത്താൻ പറഞ്ഞു. പ്രതീക് യുവതിയെ ബലാത്സംഗം ചെയ്യുകയും അശ്ലീല ഫോട്ടോകളും ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയച്ചതായും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് വഴങ്ങിയില്ലെങ്കില്‍ സംഗീത കരിയര്‍ അവസാനിപ്പിക്കുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു.

വിവാഹിതനായ പ്രതീക് 2017 ജൂലൈയിലാണ് യുവതിയെ ആദ്യമായി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് സംഗീതപരിപാടികള്‍ക്കും മറ്റുമായി യുവതി പ്രതീകിനെ സമീപിച്ചിരുന്നു. മോഡലാകാനാണ് ആദ്യം യുവതി മുംബൈയിൽ എത്തിയത്.''2019 മുതല്‍ വാട്ട്സാപ്പിലൂടെ ലൈംഗിക തമാശകളും സന്ദേശങ്ങളും പ്രതീക് അയക്കുമായിരുന്നു. പിന്നീട് ബാന്ദ്രയിലെ വീട്ടില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ജോലി വേണമെങ്കില്‍ തന്നെ പ്രീതിപ്പെടുത്തണമെന്നും പറയുകയും ചെയ്തു. ഓട്ടോയിലെ യാത്രക്കിടയിലും മോശമായി പെരുമാറി. ഈ വര്‍ഷം ആഗസ്തിലും പ്രതീകില്‍ നിന്നും മോശം അനുഭവം ഉണ്ടായി. പക്ഷെ ഇതെല്ലാം അവഗണിച്ച് ഞാനെന്‍റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ എനിക്ക് ജോലി നല്‍കുന്നവരെയും ഇയാള്‍ ശല്യപ്പെടുത്താന്‍ തുടങ്ങി..ഇതോടെ ഞാന്‍ ശരിക്കും വിഷമത്തിലായി.'' യുവതി പറയുന്നു.

ഇക്കാര്യത്തെക്കുറിച്ച് മെക്‌സിക്കൻ കോൺസുലേറ്റിനെ അറിയിച്ചതായും യുവതി വ്യക്തമാക്കി. ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ലൈംഗികാതിക്രമം, വേട്ടയാടൽ, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരമുള്ള വകുപ്പുകൾ പ്രകാരം പാണ്ഡെയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.ഡിസംബർ 2 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Similar Posts