സഹപാഠികളെ കൊണ്ട് മുസ്‍ലിം ബാലനെ മർദിച്ച സംഭവം: സഹായ ഹസ്തവുമായി ലാഡർ ഫൗണ്ടേഷൻ
|കുട്ടിക്ക് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന വാർത്ത മീഡിയവൺ ആണ് പുറത്ത്കൊണ്ടുവന്നത്
ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ മുസാഫിർപുരിൽ മുസ്‍ലിം ബാലനെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവത്തിൽ നിയമ നടപടി ഇഴയുന്നതിൽ പ്രതിഷേധം. കഴിഞ്ഞ ആഗസ്റ്റിൽ ഉണ്ടായ ആക്രമണത്തിൽ പ്രതിയായ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ശക്തമായ നടപടി ഉണ്ടായിട്ടില്ല. മർദനത്തിന് ഇരയായ കുട്ടിക്ക് സഹായ ഹസ്തവുമായി വാഗ്ദാനവുമായി ലാഡർ ഫൗണ്ടേഷൻ രംഗത്തെത്തി. കുട്ടിക്ക് സർക്കാർ സഹായം ലഭിക്കുന്നില്ല എന്ന വാർത്ത മീഡിയവൺ ആണ് പുറത്ത്കൊണ്ടുവന്നത്.
മുസ്‌ലിം ബാലനെ സഹപാഠികളെ അധ്യാപിക തല്ലിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ ഉയർന്ന പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുട്ടിയുടെ തുടർപഠനത്തിന്റെ ചെലവ് സർക്കാർ ഏറ്റെടുത്തത്. സംഭവം അറിഞ്ഞ ഉടൻ ജമിയത് ഉലമ ഹിന്ദ് സി സ്‌കൂൾ മാറ്റാനും ചെലവ് നൽകാനും ആദ്യം തയാറായത്. ഇതിനു പിന്നാലെയാണ് ചെലവ് സർക്കാർ ഏറ്റെടുക്കുന്നതായി എസ് .ഡി .എം വസതിയിലെത്തി കുടുംബത്തെ അറിയിച്ചത് . പുതിയ ക്ലാസിലേക്ക് കടന്നതോടെ സർക്കാർ സഹായം നിർത്തിയെന്നു കുട്ടിയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു . പുതിയ സ്‌കൂൾ യൂണിഫോമോ പാഠപുസ്തകമോ ഇതുവരെ ലഭിച്ചിട്ടില്ല. ഈ വിവരം പുറത്തുവന്നതോടെ കുടുംബത്തിനുള്ള സഹായവുമായി ലാഡർ ഫൗണ്ടേഷനാണ് രംഗത്തെത്തിയത് . മുസ്‍ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനായാണ് ലാഡർ ഫൗണ്ടേഷൻ.
മതത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ വിഭജിക്കുന്നതും മർദ്ദിക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യത്തിന്റെ അടിസ്‌ഥാനത്തിൽ മഹാത്മാഗാന്ധിയുടെ ചെറുമകന്റെ മകൻ തുഷാർ ഗാന്ധി സുപ്രിംകോടതിയിൽ ഹരജി നല്കിയിരുന്നു . ഈ ഹരജി കഴിഞ്ഞ ആഴ്ച പരിഗണയ്ക്ക് എത്തിയപ്പോൾ , യുപി പൊലീസിനോട് നടപടി റിപ്പോർട്ട് ചോദിച്ചു. സ്വകാര്യ സ്‌കൂൾ അടച്ചു പൂട്ടിയെങ്കിലും അധ്യാപികയ്ക്ക് എതിരെ കടുത്ത നടപടി പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സുപ്രിം കോടതിയിൽ പൊലീസ് നൽകുന്ന എതിർസത്യവാങ്മൂലത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബവും തുഷാർ ഗാന്ധിയും.