മുസ്ലിംകൾ ഹിന്ദു ജനസംഖ്യ മറികടക്കുമെന്നത് കെട്ടുകഥ-മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ
|''ഹിന്ദു ജനസംഖ്യയെ മറികടന്ന് രാഷ്ട്രീയ അധികാരം പിടിച്ചടക്കാൻ മുസ്ലിംകൾ ശ്രമിക്കുന്നുവെന്ന പ്രചാരണമുണ്ട്. എന്നാൽ, ഒരു മുസ്ലിം നേതാവും പണ്ഡിതനും മുസ്ലിംകളോട് കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ല.''
ന്യൂഡൽഹി: മുസ്ലിംകൾ ഹിന്ദു ജനസംഖ്യ മറികടക്കുമെന്നത് വെറും കെട്ടുകഥ മാത്രമാണെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈശി. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയുമായി ബന്ധപ്പെട്ട് നിരവധി മിത്തുകൾ പ്രചരിക്കുന്നുണ്ടെന്നും ഇത് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ ശത്രുത വളർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷനൽ സെന്ററിൽ സ്വന്തം പുസ്തകമായ The Population Myth: Islam, Family Planning and Politics in Indiaയെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംകൾ വ്യാപകമായി കുട്ടികളെ ഉൽപാദിപ്പിക്കുന്നുവെന്നും രാജ്യത്തെ ജനസംഖ്യാ വർധനയ്ക്ക് കാരണം അവരാണെന്നുമാണ് ഒരു മിത്ത്. മുസ്ലിംകളുടെ കുടുംബാസൂത്രണ നിരക്ക് ഏറ്റവും കുറവാണ്-45.3 ശതമാനം- എന്നത് ശരി തന്നെയാണ്. അവരുടെ ആകെ പ്രത്യുത്പാദന നിരക്ക്-2.61- ഏറ്റവും ഉയർന്ന തോതാണ്. എന്നാൽ, ഹിന്ദുക്കളും ഒട്ടും പിറകിലല്ലെന്നതാണ് യാഥാർത്ഥ്യം. കുടുംബാസൂത്രണ തോതിൽ 54.4 ശതമാനവുമായി തൊട്ടുപിറകിൽ തന്നെയുണ്ട്. പ്രത്യുത്പാദനനിരക്കിൽ 2.13 ശതമാനവുമായി രണ്ടാം സ്ഥാനത്തുമുണ്ട്. ഇക്കാര്യം തീരെ പരാമർശിക്കപ്പെടാറില്ല-ഖുറൈശി കൂട്ടിച്ചേർത്തു.
ജനസംഖ്യാ സന്തുലനത്തെ മുസ്ലിം ജനസംഖ്യ തകർക്കുന്നുവെന്നതും മറ്റൊരു മിത്താണ്. 1951ലെ 9.8ൽനിന്ന് 2011ൽ 14.2 ശതമാനമായി മുസ്ലിംകൾ വർധിച്ചെന്നാണ് ഇന്ത്യയുടെ ജനസംഖ്യാ അനുപാതം കാണിക്കുന്നത്. ഹിന്ദുജനസംഖ്യ 84.2ൽനിന്ന് 79.8 ശതമാനത്തിലേക്ക് ഇടിവുമുണ്ടായി. കഴിഞ്ഞ 60 വർഷത്തിനിടെ 4.4 ശതമാനത്തിന്റെ വളർച്ച മാത്രമാണിത്-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുക്കളെക്കാളും വേഗത്തിൽ കുടുംബാസൂത്രണം സ്വീകരിക്കുന്നത് മുസ്ലിംകളാണ്. ഹിന്ദു ജനസംഖ്യയെ മറികടന്ന് രാഷ്ട്രീയ അധികാരം പിടിച്ചടക്കാൻ മുസ്ലിംകൾ ശ്രമിക്കുന്നുവെന്ന ഒരു പ്രചാരണവുമുണ്ട്. എന്നാൽ, ഒരു മുസ്ലിം നേതാവും പണ്ഡിതനും മുസ്ലിംകളോട് കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. മുസ്ലിംകൾക്ക് ഒരിക്കലും ഹിന്ദുജനസംഖ്യയെ മറികടക്കാനാകില്ലെന്നും എസ്.വൈ ഖുറൈശി വ്യക്തമാക്കി.
ഇസ്ലാം കുടുംബാസൂത്രണത്തിനെതിരല്ല. ഖുർആൻ ഒരിടത്തും കുടുംബാസൂത്രണത്തെ നിരോധിച്ചിട്ടില്ല. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വ്യാഖ്യാനങ്ങൾ മാത്രമേയുള്ളൂ. എണ്ണത്തെക്കാളും നിലവാരത്തിനും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനുമാണ് ഖുർആനും ഹദീസുമെല്ലാം ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: It is mere propaganda that Muslims can overtake Hindus in terms of population numbers, former chief election commissioner S Y Quraishi