India
പശുക്കടത്ത് ആരോപിച്ച് മാലിന്യവണ്ടി തടഞ്ഞു; യുപിയിൽ ഡ്രൈവറായ മുസ്‌ലിം യുവാവിന് ക്രൂരമർദ്ദനം
India

പശുക്കടത്ത് ആരോപിച്ച് മാലിന്യവണ്ടി തടഞ്ഞു; യുപിയിൽ ഡ്രൈവറായ മുസ്‌ലിം യുവാവിന് ക്രൂരമർദ്ദനം

Web Desk
|
22 March 2022 5:25 AM GMT

രാമേശ്വർ വാൽമീകിയെന്ന മഥുര ഗോവർധൻ ഏരിയാ നിവാസിയാണ് വാഹനം അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്

പശുക്കടത്ത് ആരോപിച്ച് മാലിന്യവണ്ടി തടഞ്ഞ ജനക്കൂട്ടം ഉത്തർപ്രദേശിലെ മഥുരയിൽ ഡ്രൈവറായ മുസ്‌ലിം യുവാവിനെ മർദ്ദിച്ചു. മൃഗങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറായ 35 കാരൻ ആമിറാണ്‌ ഞായറാഴ്ച ക്രൂരമർദ്ദനത്തിന് ഇരയായത്. രാമേശ്വർ വാൽമീകിയെന്ന മഥുര ഗോവർധൻ ഏരിയാ നിവാസിക്കായി വാഹനം ഓടിച്ച ഡ്രൈവറെ ജനക്കൂട്ടം മർദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. വെറുതെ വിടാൻ അക്രമികളോട് യാചിച്ച ഇദ്ദേഹത്തെ അവർ ലെതർ ബെൽറ്റ് കൊണ്ട് അടിക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു. സംഭവത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. മർദ്ദനമേറ്റയാളെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഗോ മാംസവും പശുക്കളെയും കടത്തുന്നതായി ആരോപിച്ചാണ് ഇദ്ദേഹത്തെ മർദ്ദിച്ചത്. എന്നാൽ വാഹനം ഗ്രാമത്തിലെ ശുചീകരണ ഡ്രൈവിന്റെ ഭാഗമായി മൃഗങ്ങളുടെ അവശിഷ്ടം നീക്കം ചെയ്യാൻ ഉപയോഗിച്ചതാണെന്നാണ് പൊലീസ് പിന്നീട് കണ്ടെത്തിയിരിക്കുന്നത്. രാമേശ്വർ വാൽമീകിയെന്ന മഥുര ഗോവർധൻ ഏരിയാ നിവാസിയാണ് വാഹനം അയച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളുടെ ശരീരാവശിഷ്ടം നീക്കാൻ ജില്ലാ പഞ്ചായത്തിന്റെ ലൈസൻസും ഇദ്ദേഹത്തിനുണ്ടെന്നും കണ്ടെത്തി. വാഹനത്തിനകത്ത് ഗോമാംസമോ ബീഫോ ഇല്ലെന്ന് തങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ഇരയുടെ പരാതിയിലാണ് കേസെടുത്തതെന്നും മഥുര പൊലീസ് സൂപ്രണ്ട് മാർതാനന്ദ് പ്രകാശ് സിങ് അറിയിച്ചു. സംഘ്പരിവാര വലതുപക്ഷ സംഘടനകളിലെ അംഗങ്ങളടക്കം 16 അക്രമികളുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.

ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണെന്ന് യോഗി ആദിത്യനാഥ് മുമ്പ് പറഞ്ഞിരുന്നു. ഉത്തരാഖണ്ഡിനെയും യു.പിയെപ്പോലെ സുരക്ഷിത സംസ്ഥാനമാക്കണമെന്നാണ് താൻ താൽപര്യപ്പെടുന്നതെന്നും യോഗി പറഞ്ഞു. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളും ഗുണ്ടകളും ഉത്തരാഖണ്ഡിലെത്തുമെന്ന് ഞാൻ ഭയക്കുന്നു. യു.പിയെപ്പോലെ ഉത്തരാഖണ്ഡിനെയും നമുക്ക് സുരക്ഷിതമാക്കേണ്ടതുണ്ട്. സുരക്ഷിതത്വത്തിന്റെയും രാജ്യസുരക്ഷയുടെയും കാര്യത്തിൽ ബി.ജെ.പിക്ക് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയില്ല-യോഗി ആദിത്യനാഥ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

Muslim driver beaten up in Uttar Pradesh for cattle smuggling

Similar Posts