India
തടയാന്‍ വന്നാല്‍ നോക്കിക്കൊള്ളാം, ഗുരുഗ്രാമിൽ 18 സ്ഥലത്ത് ജുമുഅ നടത്തും; ജില്ലാ ഭരണകൂടത്തെ അറിയിച്ച് മുസ്‌ലിം സംഘടനകൾ
India

''തടയാന്‍ വന്നാല്‍ നോക്കിക്കൊള്ളാം, ഗുരുഗ്രാമിൽ 18 സ്ഥലത്ത് ജുമുഅ നടത്തും''; ജില്ലാ ഭരണകൂടത്തെ അറിയിച്ച് മുസ്‌ലിം സംഘടനകൾ

Web Desk
|
7 Dec 2021 1:34 PM GMT

ഗുരുഗ്രാമിൽ ശാന്തിയും സമാധാനവുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് നിർത്തണമെന്നും മുസ്‌ലിം നാഷനൽ ഫോറവും ഗുരുഗ്രാം ഇമാം സമിതിയും ചേർന്ന് ജില്ലാ ഭരണകൂടത്തിന് നൽകിയ മെമ്മോറാണ്ടത്തിൽ വ്യക്തമാക്കി

ഗുരുഗ്രാമിൽ ഹിന്ദുത്വ ഭീഷണി തുടരുന്നതിനിടെ കൂടുതൽ സ്ഥലങ്ങളിൽ ജുമുഅ നമസ്‌ക്കാരത്തിനൊരുങ്ങി മുസ്‌ലിം സംഘടനകൾ. 18 സ്ഥലങ്ങളിൽ അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നിർവഹിക്കാനാണ് നീക്കം.

മുസ്‌ലിം നാഷനൽ ഫോറവും ഗുരുഗ്രാം ഇമാം സമിതിയിലെ പണ്ഡിതന്മാരും ചേർന്ന് ജില്ലാ ഭരണകൂടത്തിന് നൽകിയ മെമ്മോറാണ്ടത്തിലാണ് ഇക്കാര്യം അറിയിച്ചത്. 12 പള്ളി, മദ്രസാ, വഖഫ് ഭൂമികളിൽ ജുമുഅ നടക്കുമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം മറ്റ് ആറിടങ്ങളിൽ താൽക്കാലികമായും പ്രാർത്ഥന നടക്കും. ഇവിടങ്ങളിൽ ഭരണകൂടം നിശ്ചയിക്കുന്ന മെയിന്റനൻസ് ഫീസ് സംഘടനകൾ അടയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സദർ ബസാർ ജമാമസ്ജിദ്, രാജീവ് ചൗക്ക്, പട്ടോടി ചൗക്ക് മസ്ജിദ്, സെക്ടർ-57 മസ്ജിദ്, വില്ലേജ് ചൗമ, ശീത്‌ല കോളനി, ശാന്തി നഗർ, അതുൽ കട്ടാരിയ ചൗക്ക്, ദേവിലാൽ കോളനി, സറായ് അൽവർദി മസ്ജിദ്, ബാദ്ഷാപൂർ, ദർബാരിപൂർ എന്നിവിടങ്ങളിലാണ് ജുമുഅ നമസ്‌കാരം നിർവഹിക്കാൻ നിശ്ചയിച്ചിട്ടുള്ളത്. ഇവിടെ ആരെങ്കിലും നമസ്‌കാരം തടയാനെത്തിയാൽ അക്കാര്യം തങ്ങൾ നോക്കിക്കൊള്ളാമെന്നും ജില്ലാ ഭരണകൂടത്തിന് നൽകിയ മെമ്മോറാണ്ടത്തിൽ സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

ഗുരുഗ്രാമിൽ ശാന്തിയും സമാധാനവുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് നിർത്തണമെന്നും നേതാക്കൾ ഡെപ്യൂട്ടി കമ്മീഷണറോട് പറഞ്ഞു. പള്ളികളുടെയും മദ്രസകളുടെയും വഖഫ് ബോർഡിന്റെയും ഭൂമികളിലുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും എന്നാൽ സമാധാനപരമായി നമസ്‌ക്കാരം നിർവഹിക്കാനാകുമെന്നും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുസ്‌ലിം നാഷനൽ ഫോറം കൺവീനർ ഖുർഷിദ് റസാക വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പ്രതികരിച്ചു.

പൊതുസ്ഥലങ്ങളിൽ ജുമുഅ നമസ്‌ക്കാരത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സംയുക്ത ഹിന്ദു സംഘർഷ് സമിതിയും ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. തുടർന്ന് ഇമാം സമിതി, ഹിന്ദു സംഘർഷ് നേതാക്കളും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ യോഗത്തിലാണ് 18 സ്ഥലങ്ങളിൽ ജുമുഅ നിർവഹിക്കാൻ തീരുമാനിച്ചതെന്ന് ഒരു ഹിന്ദുത്വ സംഘടനാ നേതാവായ രാജീവ് മിത്തൽ പറഞ്ഞതായി ഐഎഎൻഎസ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗുരുഗ്രാമിൽ ജുമുഅ നടത്താനുള്ള നീക്കം ഹിന്ദുത്വ സംഘടനകൾ തടഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച ഹിന്ദുത്വ പ്രതിഷേധങ്ങൾക്കിടെ സ്ഥലത്തെ ഇമാമിന്റെ നേതൃത്വത്തിൽ നമസ്‌കാരം നടന്നു.

Summary: Muslim National Forum and the clerics of the Gurugram Imam organisation in a memorandum submitted to the district administration decided that the Friday prayers will be held at 18 places

Similar Posts