India
Used to go to veg hotel run by Muslim in Kerala as he maintained standards: Judge SVN Bhatti in Kanwar Supreme Court verdict SVN Bhatti-Supreme court
India

'കേരളത്തില്‍ ഒരു മുസ്‌ലിമിന്‍റെ ഹോട്ടലിലാണ് വെജ് കഴിക്കാന്‍ പോകാറുണ്ടായിരുന്നത്'; അനുഭവം പറഞ്ഞ് ജ. എസ്.വി.എന്‍ ഭാട്ടി

Web Desk
|
22 July 2024 2:15 PM GMT

ആന്ധ്ര സ്വദേശിയായ ജസ്റ്റിസ് എസ്.വി ഭാട്ടി 2023 ജൂണിലാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്നത്

ന്യൂഡല്‍ഹി: കാവഡ് യാത്രയുമായി ബന്ധപ്പെട്ട് യു.പി-ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ പുറത്തിറക്കിയ വിവാദ ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കടകള്‍ക്കു മുന്നില്‍ ഉടമകളുടെ പേരും ജാതിയുമൊന്നും പ്രദര്‍ശിപ്പിക്കണമെന്നു നിര്‍ദേശിക്കാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. കോടതിയില്‍ വാദങ്ങള്‍ നടക്കുന്നതിനിടെ കേരളത്തിലെ അനുഭവവും വിവരിച്ചു കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.വി.എന്‍ ഭാട്ടി. കേരളത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ സ്ഥിരമായി ഒരു മുസ്‍ലിമിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലായിരുന്നു പോകാറുണ്ടായിരുന്നതെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

വിവാദ ഉത്തരവിനെതിരെ ഹരജി നല്‍കിയ മഹുവ മൊയ്ത്രയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി ആണ് സുപ്രിംകോടതിയില്‍ ഹാജരായത്. യു.പി-ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിങ്‌വി വാദങ്ങള്‍ അവതരിപ്പിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ഭാട്ടി അനുഭവം പറഞ്ഞത്. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള നിരവധി വെജ് റെസ്റ്റോറന്റുകളില്‍ മുസ്‌ലിംകള്‍ പണിയെടുക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുസ്‌ലിം തൊട്ട ഭക്ഷണമായതുകൊണ്ട് ഇനി താന്‍ അങ്ങോട്ടുപോകില്ലെന്നു പറയാന്‍ പറ്റുമോ എന്നും സിങ്‌വി ചോദിച്ചതോടെ കേരളത്തിലുണ്ടായിരുന്ന കാലത്തെ അനുഭവം പറയാമെന്നു പറഞ്ഞ് ഇടപെടുകയായിരുന്നു ജഡ്ജി.

ജ. ഭാട്ടിയുടെ അനുഭവസാക്ഷ്യം ഇങ്ങനെയായിരുന്നു:

''നഗരത്തിന്റെ പേരു പറയുന്നില്ല. ഒരു ഹിന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലും ഒരു മുസ്‌ലിമിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലുമുണ്ടായിരുന്നു അവിടെ. മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലിലായിരുന്നു വെജ് ഭക്ഷണത്തിനായി ഞാന്‍ പോകാറുണ്ടായിരുന്നത്. ഭക്ഷണത്തിന്റെ നിലവാരത്തിന്‍റെയും സുരക്ഷയുടെയും കാര്യം പറയുകയാണെങ്കില്‍ എല്ലാം പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു അവിടെ.

ദുബൈയില്‍നിന്നു മടങ്ങിയെത്തിയയാളാണ് ഉടമ. സുരക്ഷയുടെയും വൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ അന്താരാഷ്ട്ര നിലവാരമായിരുന്നു അവര്‍ പുലര്‍ത്തിയിരുന്നത്. അതുകൊണ്ടുതന്നെ ആ ഹോട്ടലിലായിരുന്നു ഞാന്‍ പോകാറുണ്ടായിരുന്നത്.''

താങ്കള്‍ മെനു കാര്‍ഡ് നോക്കിയാണ് ഹോട്ടല്‍ തിരഞ്ഞെടുത്തതെന്നും, അല്ലാതെ പേരുനോക്കിയല്ലെന്നും ഇതിനോട് അഭിഷേക് മനു സിങ്‌വി കൂട്ടിച്ചേര്‍ത്തു. ഭരണഘടനാവിരുദ്ധമായ നീക്കമായതു കൊണ്ടുതന്നെ നിയമപ്രശ്‌നങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടി വളരെ തന്ത്രപൂര്‍വമാണ് ഉത്തരവ് തയാറാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2023 ജൂണിലാണ് ജസ്റ്റിസ് സരസ വെങ്കട്ടനാരായണ ഭാട്ടി എന്ന എസ്.വി ഭാട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. അതിനുമുന്‍പ് 2019ല്‍ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയാണ്. ബെംഗളൂരു ജഗദ്ഗുരു രേണുകാചാര്യ കോളജില്‍നിന്നു നിയമത്തില്‍ ബിരുദം നേടിയ അദ്ദേഹം 1987ലാണ് അഭിഭാഷകനായി എന്‍‍റോള്‍ ചെയ്യുന്നത്.

അതേസമയം, കാവഡ് തീര്‍ഥാടകര്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ പാതയോരങ്ങളിലെ കടകളിലെല്ലാം ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കുന്ന നെയിംപ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ വിവാദ ഉത്തരവ്. കടയിലെ ജോലിക്കാരുടെ പേരുവിവരങ്ങളും പ്രദര്‍ശിപ്പിക്കണം, ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ടായിരുന്നു. ഉത്തരവിനെതിരെ വന്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്.

കടകള്‍ക്കു മുന്നില്‍ ആരും ഉടമകളുടെയും തൊഴിലാളികളുടെയും പേരോ ജാതിയോ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ഋഷികേഷ് റോയ്, എസ്.വി.എന്‍ ഭാട്ടി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കടയില്‍ വില്‍ക്കുന്ന ഭക്ഷൃവസ്തുക്കളുടെ വിവരങ്ങള്‍ വേണമെങ്കില്‍ പ്രദര്‍ശിപ്പിക്കാമെന്നും കോടതി പറഞ്ഞു. കേസില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, മധ്യപ്രദേശ് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.

Summary: ''Used to go to veg hotel run by Muslim in Kerala as he maintained standards'': Judge SVN Bhatti in Kanwar Supreme Court verdict

Similar Posts