'മണിപ്പൂരിൽ ഒരു സർക്കാരില്ലാത്ത അവസ്ഥ'; ലീഗ് നേതാക്കൾ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചു
|മണിപ്പൂർ വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
ന്യൂഡൽഹി: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരും ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമറും സംഘത്തിലുണ്ടായിരുന്നു. സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ച നേതാക്കൾ മണിപ്പൂർ ഗവർണർ അനുസൂയ യുക്കിയയുമായും ആർച്ച് ബിഷപ്പ് ഡൊമനിക് ലുമോനുമായും കൂടിക്കാഴ്ച നടത്തി. മണിപ്പൂരിൽ നടന്ന സമാധാന റാലിയിലും നേതാക്കൾ പങ്കെടുത്തു.
മണിപ്പൂരിൽ ഒരു സർക്കാരില്ലാത്ത അവസ്ഥയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവിടെ ജനങ്ങൾക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകാൻ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂർ വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. വളരെ ദുരിതമാണ് ക്യാമ്പുകളിൽ കാണാനായത്. മടങ്ങിപ്പോകാൻ പലർക്കും വീടുകളില്ല. ജനങ്ങൾ രണ്ട് വിഭാഗമായി മാറിക്കഴിഞ്ഞു. സർക്കാർ എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.