പൗരത്വ ഭേദഗതി നിയമത്തിൽ സ്റ്റേ ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സുപ്രിംകോടതിയിൽ
|സി.എ.എയ്‌ക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരും നീക്കം നടത്തുന്നുണ്ട്
ന്യൂഡൽഹി/മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിൽ നിയമനടപടിയുമായി മുസ്‌ലിം ലീഗ്. നിയമം സ്റ്റേ ആവശ്യപ്പെട്ട് ലീഗ് സുപ്രീംകോടതിയിൽ ഹരജി നൽകി. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിനിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നേരത്തെ കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് എതിരായാണ് പുതിയ നിയമനിർമാണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യം. ഇക്കാര്യത്തിൽ, നേരത്തെ നൽകിയ കേസ് സുപ്രിംകോടതിയിൽ നടക്കുന്നുണ്ട്. ഇതിനിടയിലാണു സർക്കാരിന്റെ പുതിയ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങൾ സി.എ.എ നടപ്പാക്കില്ലെന്നു വ്യക്തമാക്കിയത് ആശ്വാസകരമാണ്. പക്ഷേ, സംസ്ഥാനങ്ങളെ മറികടക്കുന്ന സമിതിയാണ് രുപീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ യോജിച്ചുള്ള സമരം വേണമോ എന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയതോടെ സംസ്ഥാന സർക്കാരും നിയമപോരാട്ടത്തിനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ്. വിജ്ഞാപനത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ടു പുതിയ ഹരജി നൽകുന്ന കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്.
Summary: Muslim League files petition in the Supreme Court seeking a stay on the Citizenship Amendment Act