ജയാമ്മയുടെ അന്ത്യാഭിലാഷം അവർ മറന്നില്ല; സംസ്‌കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകി മുസ്‌ലിം അയൽക്കാർ
|മരണത്തിനു മുൻപ് ജയാമ്മ ഭർത്താവിനോടും മകനോടും പങ്കുവച്ച അന്ത്യാഭിലാഷം ഇങ്ങനെയായിരുന്നു: ''നാളെ ഞാൻ മരിച്ചാൽ എന്റെ മുസ്‌ലിം മക്കൾ വേണം എന്റെ സംസ്‌കാര ചടങ്ങുകൾ നടത്താൻ..''
മൈസൂരു: നിരന്തരം മതസ്പർധയുടെയും വിദ്വേഷത്തിന്റെയും റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന കർണാടകയിൽനിന്ന് മതമൈത്രിയുടെ പുതിയൊരു വാര്‍ത്ത. കഴിഞ്ഞ ദിവസം മൈസൂരുവില്‍ അന്തരിച്ച ജയാമ്മയെന്ന വയോധികയുടെ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി മുസ്‌ലിം അയൽക്കാർ. 60കാരിയുടെ അന്ത്യാഭിലാഷ പ്രകാരമാണ് സംസ്‌കാര ചടങ്ങുകൾ പൂർണമായും മുസ്‌ലിം അയൽക്കാരുടെ മേൽനോട്ടത്തിൽ നടന്നത്.
മൈസൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ ഗൗസിയ നഗറിൽ ജയാമ്മയും കുടുംബവും താമസം ആരംഭിച്ചിട്ട് 40 വർഷത്തിലേറെയായി. ചുറ്റും മുസ്‌ലിം വീടുകളാണുള്ളത്. സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം പരസ്പരം പങ്കുവച്ചും സഹകരിച്ചുമാണ് അവർ കഴിഞ്ഞത്.
കർണാടകയിൽനിന്നുള്ള ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ മുഹമ്മദ് ഇർഷാദ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം സംഭവിച്ച് ജയാമ്മ അന്തരിക്കുന്നത്. ഈ സമയത്താണ് ഭർത്താവും മകനും അവരുടെ അന്ത്യാഭിലാഷം തങ്ങളുടെ മുസ്‌ലിം അയൽക്കാരോട് പങ്കുവയ്ക്കുന്നത്: ''നാളെ ഞാൻ മരിച്ചാൽ എന്റെ മുസ്‌ലിം മക്കൾ വേണം എന്റെ സംസ്‌കാര ചടങ്ങുകൾ നടത്താൻ..''
അമ്മയുടെ ആഗ്രഹം അറിഞ്ഞ അയൽക്കാർ നിരാശരാക്കിയില്ല. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് എല്ലാവരും വീട്ടിലെത്തി. ഒട്ടും വൈകാതെത്തന്നെ അന്ത്യകർമങ്ങൾ ആരംഭിച്ചു. തൊട്ടടുത്തുള്ള ശ്മശാനം വരെ ജയാമ്മയുടെ ഭൗതികശരീരം തോളിലേറ്റിയതും അന്ത്യയാത്രയെ അനുഗമിച്ചതുമെല്ലാം അയൽക്കാരായ മുസ്‌ലിംകളായിരുന്നു. സംസ്‌കാരചടങ്ങുകളെല്ലാം ഭംഗിയായി പൂർത്തിയാക്കിയാണ് എല്ലാവരും മടങ്ങിയതെന്നും അവരോട് വാക്കുകളിൽ നന്ദിയൊതുക്കാനാകില്ലെന്നും മകൻ പറുന്നു.
''പ്രദേശത്തെ ഏക ഹിന്ദു കുടുംബമായിരുന്നു ജയാമ്മയുടേത്. എന്നാൽ, എല്ലാവരും വളരെ അടുപ്പത്തിലാണ് കഴിഞ്ഞത്. എല്ലാ ഉത്സവങ്ങളും വിശേഷ സുദിനങ്ങളും കുടുംബപരിപാടികളുമെല്ലാം ഒന്നിച്ചാണ് ഞങ്ങൾ ആഘോഷിച്ചത്. അമ്മയുടെ മരണം ഞെട്ടലോടെയാണ് കേട്ടത്. ഈ സമയത്ത് ഞങ്ങൾക്ക് ചെയ്യാനാകുന്ന കാര്യം അവർക്ക് മാന്യമായി അന്ത്യയാത്ര ഒരുക്കുകയെന്നതാണ്.'' സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പ്രദേശത്തെ സാമൂഹിക പ്രവർത്തകരൻ തൻവീർ പാഷ പറഞ്ഞു.
Summary: Muslim neighbors carry Hindu woman's bier, conduct last rites in Mysuru, Karnataka