മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ കൂടുതല്‍ അവകാശവാദങ്ങള്‍: ചീഫ് ജസ്റ്റിസിന് കത്തെഴുതി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്
|സംഭൽ മസ്ജിദ് കമ്മിറ്റിയുടെ ഹരജി ഇന്ന് സുപ്രിംകോടതി അടിയന്തരമായി പരിഗണിക്കാനിരിക്കെയാണ് പേഴ്സണൽ ലോ ബോർഡിന്റെ കത്ത്
ന്യൂഡൽഹി: മസ്ജിദുകൾക്കും ദർഗകൾക്കും മേൽ ഉയരുന്ന അവകാശവാദങ്ങളിൽ സുപ്രിംകോടതിയോട് ആശങ്ക രേഖപ്പെടുത്തി ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ്(എഐഎംപിഎൽബി). ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് അയച്ച കത്തിലാണ് ബോർഡ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ കോടതികൾ ഇത്തരം അവകാശവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും കോടതി സ്വമേധയാ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
സംഭൽ മസ്ജിദ് സർവേയ്ക്കെതിരെ പള്ളി കമ്മിറ്റി നൽകിയ ഹരജി ഇന്ന് സുപ്രിംകോടതി അടിയന്തരമായി പരിഗണിക്കാനിരിക്കെയാണ് മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ കത്ത്. 1991ലെ ആരാധനാലയ നിയമങ്ങൾ അവഗണിച്ചാണ് ഇത്തരം കേസുകൾ നടക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. 1947 ആഗസ്റ്റ് 15നുള്ള ആരാധനാലയങ്ങളുടെ തദ്സ്ഥിതി മാറ്റരുതെന്ന് നിയമം പറയുന്നതാണെന്നും ബോർഡ് സൂചിപ്പിച്ചു.
ഇന്ത്യൻ നിയമത്തിന്റെയും ഭരണഘടനയുടെയും പച്ചയായ പരിഹാസമാണ് ഇപ്പോൾ നടക്കുന്നതെന്ന് എഐഎംപിഎൽബി വക്താവ് എസ്ക്യുആർ ഇല്യാസ് വിമർശിച്ചു. ഇക്കാര്യത്തിൽ ശക്തമായ ജുഡീഷ്യൽ പരിശോധന വേണം. നിയമം നടപ്പാക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തിയാൽ അത് സാമുദായിക സൗഹാർദത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'സംഭൽ മസ്ജിദ് സംഭവത്തിനുശേഷം പുതിയൊരു അവകാശവാദവും കൂടി എത്തിയിരിക്കുകയാണ്. ലോകപ്രശസ്തമായ അജ്മീർ ദർഗ മഹാദേവ ക്ഷേത്രമാണെന്നാണ് അവകാശവാദം. എന്നാൽ, ഹരജി പരിഗണിച്ച അജ്മീറിലെ വെസ്റ്റ് സിവിൽ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരിക്കുകയാണ്'-എസ്ക്യുആർ ഇല്യാസ് ചൂണ്ടിക്കാട്ടി.
അജ്മീർ ദർഗ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശിവക്ഷേത്രമുണ്ടായിരുന്നുവെന്നും അവിടെ ജലാഭിഷേകം നടന്നിരുന്നുവെന്നുമാണ് ഹരജിക്കാർ അവകാശപ്പെടുന്നത്. നിയമം മറികടന്ന് കോടതികൾ ഇത്തരം അവകാശവാദങ്ങൾ വകവച്ചുകൊടുക്കുകയാണ്. ആരാധനാലയ നിയമത്തിന്റെ പവിത്രത അടിവരയിടുന്ന ബാബരി കേസിലെ സുപ്രിംകോടതി വിധി ലംഘിച്ചാണ് ഇപ്പോഴത്തെ നിയമനടപടികൾ നടക്കുന്നത്. കൂടുതൽ തർക്കങ്ങൾക്ക് ഇടയാക്കുന്ന സമീപനത്തിൽനിന്ന് കീഴ്ക്കോടതികളെ സുപ്രിംകോടതി തടയണമെന്നും എസ്ക്യൂആർ ഇല്യാസ് ആവശ്യപ്പെട്ടു.
സർവേ നടപടിക്കെതിരെ ഉത്തർപ്രദേശിലെ സംഭൽ ജമാമസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. മസ്ജിദിൽ പുരാവസ്തു വകുപ്പിന്റെ(എഎസ്ഐ) സർവേയ്ക്ക് അനുമതി നൽകിയ ജില്ലാകോടതിയുടെ ഉത്തരവിനെതിരെയാണു ഹരജി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഇന്ന് ഹരജി പരിഗണിക്കും.
സർവേ സ്റ്റേ ചെയ്യണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ എല്ലാ വിഭാഗത്തെയും കേൾക്കാതെ സർവേയ്ക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നു നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ബന്ധപ്പെട്ടവർക്ക് നിയമനടപടികൾ സ്വീകരിക്കാൻ മതിയായ സമയം അനുവദിക്കണമെന്നും ഹരജിയിൽ തുടരുന്നു.
മുഗൾ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭലിലെ ശാഹി ജമാമസ്ജിദ്. മുൻപ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭൽ ജില്ലാ-സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ ഹരിശങ്കർ ജെയിൻ ഉൾപ്പെടെ എട്ടുപേരാണു പരാതിക്കാർ. ഇവർ നൽകിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബർ 19ന് സംഭൽ കോടതി എഎസ്ഐ സർവേയ്ക്ക അനുമതി നൽകിയത്. അഡ്വക്കറ്റ് കമ്മിഷണറുടെ നേതൃത്വത്തിൽ സർവേ നടത്താനായിരുന്നു നിർദേശം.
കഴിഞ്ഞയാഴ്ച പള്ളിയിൽ ആദ്യ സർവേ നടന്ന ശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെയും വീണ്ടും ഉദ്യോഗസ്ഥസംഘവും പൊലീസും സ്ഥലത്തെത്തി. ഇതോടെയാണ് മുസ്ലിംകൾ പ്രതിഷേധവുമായി എത്തിയത്. ഇതിനിടെ പൊലീസിനു നേരെ കല്ലേറുമുണ്ടായി. പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Summary: Muslim Personal Law Board urges Chief Justice to intervene amid rising claims on mosques, dargahs